Sunday, November 24, 2024

ലോക്‌സഭയില്‍ ശിവന്റെയും യേശു ക്രിസ്തുവിന്റെയും ഗുരു നാനാക്കിന്റെയും ചിത്രങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബിജെപി അക്രമവും വിദ്വേഷവും വിതയ്ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുല്‍ ബിജെപിയെ ലക്ഷ്യമാക്കി പറഞ്ഞത്. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

തുടര്‍ന്ന്, രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും ആവശ്യപ്പെട്ടു.

പ്രസംഗത്തിനിടെ ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍, ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ അടയാളമെന്ന് വാദിച്ചു. എന്നാല്‍ അഭയമുദ്രയെ കുറിച്ച് സംസാരിക്കാന്‍ രാഹുലിന് അവകാശമില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സഭയില്‍ ആരുടെയും ചിത്രം കാണിക്കരുതെന്ന് സ്പീക്കറും പറഞ്ഞു.

”ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. നിര്‍ഭയത്വത്തിന്റെ പ്രതീകമാണ് അഭയമുദ്ര. ഹിന്ദുമതം, ഇസ്ലാം മതം, സിഖ്-ബുദ്ധ മതങ്ങളുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മതങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉറപ്പു നല്‍കുന്നതാണ് ആ മുദ്ര. നമ്മുടെ മഹാന്മാര്‍ അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്… പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ… നിങ്ങള്‍ ഹിന്ദുക്കളല്ല.”-എന്നായിരുന്നു രാഹുല്‍ ഗാന്ധിസഭയില്‍ പറഞ്ഞത്.

 

Latest News