Sunday, November 24, 2024

മാനനഷ്ടക്കേസില്‍ രാഹുലിന് 30 ദിവസത്തെ ജാമ്യം

ബിജെപി എംഎൽഎ പൂർണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ സൂറത് കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കു ജാമ്യം അനുവദിച്ചു. 30 ദിവസത്തെ ജാമ്യമാണ് രാഹുലിനു ലഭിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്നു ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയാണ് കണ്ടെത്തിയത്.

2019ൽ കർണാടകയിൽ നടന്ന റാലിയില്‍ ‘എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും’ ഇതായിരുന്നു രാഹുലിന്‍റെ വിവാദ പ്രസ്തവന. പിന്നാലെ രാഹുലിന്റെ ഈ പ്രസ്താവന മോദി സമൂഹത്തെയാകെ അപമാനിക്കുന്നതാണെന്ന് വിശേഷിപ്പിച്ച് ബിജെപി എംഎൽഎ പൂർണേഷ് മോദി മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. നാല് വർഷം പഴക്കമുള്ള ഈ കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്.

2 വർഷം തടവു ശിക്ഷയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനു കോടതി വിധിച്ചത്. അതേസമയം, 30 ദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നതിനാല്‍ രാഹുലിന് ഈ സമയത്ത് മേൽക്കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്ഥിരം ജാമ്യത്തിനും അപേക്ഷിക്കാം.

Latest News