മോദി പരാമര്‍ശത്തില്‍ എം.പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്ററി അംഗത്വം പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചു. മാനനഷ്‌ടക്കേസിൽ രാഹുലിന് വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തതിനുപിന്നാലെയാണ് എം.പി സ്ഥാനം തിരികെ ലഭിച്ചത്.
രാഹുലിനെതിരെയ കേസിന് സ്റ്റേ അനുവദിച്ചിട്ടും പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നതിനെതിരെ ഞായറാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തുവന്നിരുന്നു. സുപ്രീം കോടതിവിധിയുടെ പകർപ്പും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും ലോക്സഭാ സെക്രട്ടറിയേറ്റിനും സ്പീക്കർക്കും നേരത്തെ നല്‍കിയിട്ടും നടപടി വൈകിപ്പിച്ചതിനെതിരെയായിരുന്നു പാര്‍ട്ടി രംഗത്തെത്തിയത്. ഇതിനിടയിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
മണിപ്പൂർ അവിശ്വാസപ്രമേയം നാളെ ലോക്സഭയില്‍ ചർച്ചയ്ക്കെടുക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ വരവ് പ്രതിപക്ഷത്തിന് ഇരട്ടി ഊര്‍ജ്ജമാണ് നൽകുക. അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ സംസാരിക്കും. അതേസമയം, പാര്‍ലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ച വാർത്ത പുറത്തുവന്നയുടൻ പാർട്ടി ആസ്ഥാനത്തും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിക്കുപുറത്തും ആഘോഷങ്ങൾ നടന്നു.
2019-ലെ കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദപരാമർശത്തിലാണ് രാഹുലിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദിയാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. കേസിൽ, രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി കണ്ടെത്തുകയും രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്‌തു. ഇതോടെയാണ് രാഹുലിന് എം.പി സ്ഥാനം നഷ്‌ടപ്പെട്ടത്. എന്നാൽ ഈ വിധി സുപ്രീം കോടതി ആഗസ്‌റ്റ് 4-ന് സ്‌റ്റേ ചെയ്‌തിരുന്നു.