ഭാരതം കണ്ട നവോത്ഥാന നായകരില്‍ അഗ്രഗണ്യനും അദ്വിതീയനും ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവുമായ രാജാ റാം മോഹന്‍ റോയി, 1772 മെയ് 22 -ന് ബംഗാളിലെ ഹൂഗ്ലിയിലെ ഒരു യാഥാസ്ഥിതിക ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പാട്നയില്‍ പൂര്‍ത്തിയാക്കി. സംസ്‌കൃതം, പേര്‍ഷ്യന്‍, അറബിക്, ഇംഗ്ലീഷ് എന്നിവ കൂടാതെ ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഒരു ജോലി കണ്ടെത്തിയ റോയ്, പിന്നീട് മുര്‍ഷിദാബാദിലെ അപ്പലേറ്റ് കോടതിയിലെ രജിസ്ട്രാറുടെ കൂടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു.
വിശാലമായ കാഴ്ചപ്പാടിന്റെ ഉറവിടം
ധാരാളം യാത്ര ചെയ്തിരുന്ന, ഭാഷകളെ സ്നേഹിക്കുന്ന ഒരാളായിരുന്നു റാം മോഹന്‍. പതിനാറാം വയസില്‍ തന്റെ നാട്ടില്‍ നിന്ന് പുറപ്പെട്ടു പോയി പല പുണ്യനഗരങ്ങളും സന്ദര്‍ശിച്ചതിനുശേഷം തിരിച്ചെത്തി. അദ്ദേഹം വേദവും, ബൈബിളും, ഖുര്‍ആനും ഒരുപോലെ വായിച്ചിരുന്നു. പിന്നീട് ബനാറസിലേയ്ക്ക് താമസം മാറ്റിയ അദ്ദേഹം അവിടെയുള്ള മതപണ്ഡിതന്മാരില്‍ നിന്നും ശാസ്ത്രങ്ങളും വേദങ്ങളും ആഴത്തില്‍ പഠിച്ചു. ഇതെല്ലാം അദ്ദേഹത്തിന് ജീവിതത്തെ കുറിച്ചും, ലോകത്തെ കുറിച്ചും വിശാലമായ ഒരു കാഴ്ച്ചപ്പാടുണ്ടാക്കാന്‍ സഹായിച്ചു. സാധാരണക്കാരുടെ പഠനത്തിനായി വേദങ്ങള്‍, ഉപനിഷത്ത് എന്നിവ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്, റാം മോഹന്‍.
ആത്മീയസഭയും ബ്രഹ്മസമാജവും
റാം മോഹന്‍ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമാന ചിന്താഗതിക്കാരുമായി ആശയവിനിമയം നടത്തുന്നതിനുംവേണ്ടി 1815-ല്‍ ‘ആത്മീയ സഭ’ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പിന്നീട് സ്വന്തം സംസ്‌കാരത്തില്‍ ഉറച്ചു നിന്ന് ‘ഏകദൈവത്തെ’ ആരാധിക്കുന്നതിനായി 1828-ല്‍ ‘ബ്രഹ്മസമാജം’ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. പലദേശീയ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളാനും ഒട്ടെറെ സാംസ്‌കാരിക നായകന്മാര്‍ മുന്‍നിരയിലേയ്ക്ക് വളരുവാനും ബ്രഹ്മസമാജം പ്രചോദനമായി.
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്
ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായിട്ടാണ് മോഹന്‍ റോയി അറിയപ്പടുന്നത്. ദേശീയ കാഴ്ചപ്പാടോടുകൂടി രാജാറാം മോഹന്‍ റോയ് ഇന്ത്യയില്‍ തുടക്കം കുറിച്ച പത്രങ്ങളാണ് സംബാദ് കൗമുദി, മിറാത്-ഉല്‍-അക്ബര്‍ എന്നിവ. സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചരണ ജിഹ്വകളായി തന്റെ പത്രങ്ങളെ അദ്ദേഹം മാറ്റി. നാട്ടില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ എതിര്‍ക്കാന്‍ തന്റെ പത്രങ്ങളെ മോഹന്‍ റോയ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
ശൈശവ വിവാഹവും സതിയും എതിര്‍ക്കാന്‍ കാരണം
റോയിയും കുട്ടിക്കാലത്ത് തന്നെ വിവാഹിതനായ ആളാണ്. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോള്‍, അദ്ദേഹം വീണ്ടും വിവാഹിതനായി. കുട്ടിയായിരുന്ന അദ്ദേഹവും, ഭാര്യയും വിവാഹാബന്ധത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളായിരിക്കാം അദ്ദേഹം ശൈശവ വിവാഹം എതിര്‍ക്കാനുള്ള കാരണവും. റോയിയുടെ ജ്യേഷ്ഠന്‍ ജഗ്മോഹന്റെ സംസ്‌കാരച്ചടങ്ങില്‍ ജ്യേഷ്ഠന്റെ ഭാര്യയെ തീയിലേക്ക് തള്ളിയിട്ട സതിയെന്ന പ്രാകൃത ആചാരത്തിന് അദ്ദേഹം സാക്ഷിയായി. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. ഭര്‍ത്താവിന്റെ ശവസംസ്‌കാര വേളയില്‍ സ്ത്രീകളെ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോ എന്നറിയാന്‍ റോയ് ശ്മശാനങ്ങള്‍ സന്ദര്‍ശിച്ചു. പല സ്ത്രീകളും സ്വന്തം ഇഷ്ടത്തോടെയല്ല സതിക്ക് ഒരുങ്ങുന്നത് എന്നറിഞ്ഞ അദ്ദേഹം അതിനെതിരെ പോരാടാന്‍ തീരുമാനിച്ചു.
അദ്ദേഹത്തിന്റെ പോരാട്ടത്തിനൊടുവില്‍, ബംഗാള്‍ പ്രസിഡന്‍സി ഗവര്‍ണര്‍ വില്യം ബെന്റിക് പ്രഭു 1829 ഡിസംബര്‍ 4 -ന് സതി നിരോധിച്ചു. സതിക്കെതിരെ നടത്തിയ വിജയകരമായ പ്രചാരണത്തിനുശേഷം, രാജാ റാം മോഹന്‍ റോയ് ബാലവിവാഹം, പര്‍ദ്ദ സമ്പ്രദായം, സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരെയും സമാനമായ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ പോലും സംസാരിക്കാന്‍ മടിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, അദ്ദേഹം അതിന് മുതിര്‍ന്നു. മൃഗങ്ങളെ ബലി കൊടുക്കുന്ന ഹീനമായ ആചാരങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തുകയുണ്ടായി.
വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പിറവി
ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കില്‍ ഇന്ത്യന്‍ ജനത എല്ലാവരുടേയും ആദരവിന് പാത്രമാകും എന്ന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രാജാറാം മോഹന്‍ റോയ്. ഇന്ത്യന്‍ മേഖലകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അദ്ദേഹം ചര്‍ച്ച ചെയ്തു. പലയിടത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ ഒട്ടേറെ വിദ്യാലയങ്ങള്‍ ഉയര്‍ന്നു വരുകയുമുണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്കായും അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ നടത്തി. 1817 ല്‍ ഡേവിഡ് ഹെയര്‍ എന്ന മിഷനറിയുമായി ചേര്‍ന്ന് അദ്ദേഹം ഒരു ഹിന്ദു കോളജ് (ഇപ്പോള്‍ കൊല്‍ക്കത്ത പ്രസിഡന്‍സി കോളജ്) സ്ഥാപിച്ചു.
‘രാജാ’ എന്ന പദവി
മനുഷ്യരെല്ലാം ഒന്നാണെന്നുള്ള മഹത്തായ ദര്‍ശനം തന്റെ ജീവിതത്തിലൂടെ ഉയര്‍ത്തി കാട്ടിയ മോഹന്‍ റായിയ്ക്ക് 1831 -ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രണ്ടാമനാണ് അദ്ദേഹത്തിന് ബഹുമാനാര്‍ത്ഥം ‘രാജ’ എന്ന പദവി നല്‍കിയത്.
‘ആധുനിക ഇന്ത്യയുടെ പിതാവ്’
പ്രാകൃതമായ പാരമ്പര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ട നവോത്ഥാന നായകനെന്ന നിലയില്‍ റോയിയെ ഗോപാല്‍ കൃഷ്ണ ഗോഖലെ സ്നേഹത്തോടെ വിളിച്ച പേരാണ്, ‘ആധുനിക ഇന്ത്യയുടെ പിതാവ്’ എന്നത്. സതി, ബാലവിവാഹം എന്നിവയ്ക്കെതിരെ പോരാടിയ റോയിയെ എക്കാലത്തേയും മികച്ച ബംഗാളിയായി 2004 ല്‍ ബിബിസിയും തിരഞ്ഞെടുക്കുകയുണ്ടായി.
മരണം
1833 സെപ്റ്റംബര്‍ 27 -ന് ഇംഗ്ലണ്ടില്‍ വച്ച് മെനിഞ്ചൈറ്റിസ് ബാധിച്ച് 61 ാം വയസില്‍ അദ്ദേഹം മരിച്ചു. സ്റ്റാപ്ലെട്ടണ്‍ ഗ്രോവിന്റെ മൈതാനത്താണ് അദ്ദേഹത്തെ ആദ്യം സംസ്‌കരിച്ചത്. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെ അടുത്തുള്ള അര്‍നോസ് വേല്‍ സെമിത്തേരിയില്‍ പുനര്‍സംസ്‌കരിച്ചു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനില്‍ക്കുന്നു.