ഏക സിവില്‍ കോഡ് (യുസിസി) ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചൊവ്വാഴ്ച അവതരിപ്പിച്ചു. ബില്‍ പാസായാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. പോര്‍ച്ചുഗീസ് ഭരണ കാലം മുതല്‍ തന്നെ ഗോവയില്‍ ഏക സിവില്‍ കോഡ് നിലവിലുണ്ട്. യുസിസി ബില്‍ കൃത്യ സമയത്താണ് സഭയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുന്നതായും ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിന് ശേഷം യുസിസി നടപ്പാക്കുന്ന സംസ്ഥാനമായി മാറാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രിയായ കന്‍ഹൈയ ലാല്‍ ചൗധരിയും പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിക്ക് ഞാന്‍ നന്ദി പറയുന്നു. ഇതൊരു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഇതിനായി ഒരുപാട് കാലമായി കാത്തിരിക്കുന്നു. ഞങ്ങളും യുസിസി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ധാമി അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. നിയമസഭയുടെ ഇപ്പോഴത്തെ സമ്മേളനത്തില്‍ അത് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത സഭയില്‍ അത് ചര്‍ച്ചക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും”. കന്‍ഹൈയ ലാല്‍ ചൗധരി പറഞ്ഞു.
ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാന്‍ ധീരതയുടെ നാടാണെന്നും, ഞങ്ങളും ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മ്മയും അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത സിവില്‍ കോഡ് ബില്‍ സഭയില്‍ എത്തിയിരിക്കുന്നുവെന്നും ഇത് അഭിമാന നിമിഷമാണെന്നും ധാമി തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ മുന്‍കൈ എടുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് അറിയപ്പെടുമെന്നും ധാമി പറഞ്ഞു.
മതം പരിഗണിക്കാതെ വിവാഹം, വിവാഹ മോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശം എന്നിവയില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഒഴികെ എല്ലാ പൗരന്മാര്‍ക്കും ഒരു പൊതുനിയമം നിര്‍ദ്ദേശിക്കുന്ന ഏക സിവില്‍ കോഡിന്റെ നിയമ നിര്‍മ്മാണത്തിനായി തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തെ പ്രത്യേക സമ്മേളനമാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ നടക്കുന്നത്.