എകെ ആന്റണി ഉള്‍പ്പെടെ കാലാവധി പൂര്‍ത്തിയാക്കിയ 72 അംഗങ്ങള്‍ക്ക് രാജ്യസഭ യാത്രയയപ്പ് നല്‍കി. എകെ ആന്റണിയുടെ രാജ്യസഭാ കാലാവധി നാളെയാണ് അവസാനിക്കുന്നത്. നാളെ സഭ ചേരുന്നില്ല എന്നതിനാല്‍ ഇന്നാണ് ആന്റണിയ്ക്ക് സഭയില്‍ അവസാനമായി പങ്കെടുക്കാനാവുക. ഇനി രാജ്യസഭയിലേക്ക് ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ആന്റണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്ക് പുറമെ കേരളത്തില്‍ നിന്ന് സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയും നാളെ പൂര്‍ത്തിയാകും. ജൂലൈ മാസം വരെ കാലാവധി പൂര്‍ത്തിയാകുന്ന 72 പേര്‍ക്കായിരുന്നു സഭ ഇന്നലെ യാത്രയയപ്പ് നല്‍കിയത്. വിരമിക്കുന്നവരില്‍ 65 പേര്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരാണ്. മറ്റ് ഏഴുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും. യാത്രയയപ്പ് ലഭിച്ചവരില്‍ ബിജെപി അംഗങ്ങളായ അല്‍ഫോന്‍സ് കണ്ണന്താനവും സുരേഷ് ഗോപിയും ഉള്‍പ്പെടുന്നുണ്ട്. മേരി കോം ഉള്‍പ്പെടെ ഒന്‍പത് വനിതാ അംഗങ്ങളും കാലാവധി പൂര്‍ത്തിയായവരില്‍ ഉള്‍പ്പെടുന്നുണ്ട്.
അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. അനുഭവമാണ് അറിവിനേക്കാള്‍ വലുത്. എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകും. എംപിമാരുടെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് സംസാരിക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എ കെ ആന്റണിയെന്നായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വാക്കുകള്‍. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല ആന്റണിയെന്നും അദ്ദേഹം പറഞ്ഞു.