Friday, January 24, 2025

രാജ്യസഭാ നടപടികള്‍ റെക്കോര്‍ഡ് ചെയ്തു; കോണ്‍ഗ്രസ് എംപിക്ക് സസ്പെന്‍ഷന്‍

രാജ്യസഭാ നടപടികള്‍ റെക്കോര്‍ഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍ കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള രജനി പാട്ടീലിനെയാണ് രാജ്യസഭയില്‍ നിന്നും സസ്പെൻഡ് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നന്ദി പ്രമേയത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് എംപി പകര്‍ത്തിയത്. പിന്നീട് ഇത് എം പിയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എംപിക്ക് സസ്പെന്‍ഷന്‍ നല്‍കിയത്. എംപിയുടെ പ്രവര്‍ത്തിയെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുകൂലിക്കാനാകാത്ത പ്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

വിഷയം പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് എംപിക്ക് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സവിശേഷത നിലനിര്‍ത്തേണ്ടതിനാല്‍ ഈ വിഷയം ഒരു ബാഹ്യ ഏജന്‍സിക്കും കൈമാറില്ലെന്നും ധന്‍ഖര്‍ പറഞ്ഞു.

അതേസമയം രാജ്യ സഭയില്‍ നിന്നും തന്നെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ എംപി പ്രതിഷേധം അറിയിച്ചു. “സഭാധ്യക്ഷന്‍റെ നടപടിയില്‍ താന്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. വിഷയത്തില്‍ കടുത്ത ശിക്ഷ നല്‍കുന്നത് ന്യായമല്ല”പാട്ടീല്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും നിയമം ലംഘിക്കാന്‍ തന്റെ സംസ്‌കാരം തന്നെ അനുവദിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News