2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയില്‍ ബിജെപിയുടെ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന രഥയാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള നാഴികകല്ലാണ് രാമക്ഷേത്രമെന്നും അമിത് ഷാ പറഞ്ഞു.
‘രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം നിന്ന കോണ്‍ഗ്രസ് കോടതി കയറിയിറങ്ങി. സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മ്മാണത്തിന് ശിലസ്ഥാപനം നടത്തിയിരുന്നു’. അമിത് ഷാ പറഞ്ഞു. ഒപ്പം അടുത്ത വര്‍ഷം ജനുവരി ഒന്നിന് രാമക്ഷേത്രം സജ്ജമാകുന്ന അയോധ്യയിലേക്ക് എത്തുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഷാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
2019 നവംബറില്‍ സുപ്രീംകോടതി വിധിയിലൂടെയാണ് അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പള്ളിപണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് ഇവിടെ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ക്ഷേത്രത്തില്‍ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു.