ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നോട്ടീസ് നല്കി ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡി. ഐ. പി). രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ചതിന് ആണ് നോട്ടീസ് നല്‍കിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പാര്‍ട്ടി പരസ്യങ്ങള്‍ക്കായി പൊതുഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ചിലവാക്കിയ തുക പത്ത് ദിവസത്തിനുള്ളില്‍ മടക്കി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ 164 കോടി രൂപയാണ് കേജരിവാള്‍ മടക്കി നല്‍കേണ്ടി വരുക. മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ ആപ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി.
അതേസമയം, ഡി. ഐ. പി നല്കിയ നോട്ടീസിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. എതിര് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നേരെയുള്ള ബിജെപിയുടെ പ്രതികാര നടപടികള്‍ക്ക് ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയാണെന്നാണ് ആപിന്റെ ആരോപണം.