Wednesday, May 14, 2025

പുതിയ ചുവടുവയ്പ്പിനൊരുങ്ങി ആര്‍ബിഐയുടെ ഇ-റുപ്പി സംവിധാനം; ലക്ഷ്യം ഓഫ്‌ലൈന്‍ ഇടപാടുകള്‍

ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റര്‍നെറ്റ് ലഭ്യത കുറവായ സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന വിധത്തില്‍ സൗകര്യം സജ്ജമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഓഫ്ലൈന്‍ മുഖേന ഇ-റുപ്പി ഉപയോഗിക്കാന്‍ സാധിക്കത്തക്ക വിധത്തിലുള്ള പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. കൂടാതെ നിശ്ചിത ആവശ്യത്തിന് മാത്രമെനന്ന തരത്തില്‍ ഇ-റുപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും നീക്കങ്ങള്‍ ആരംഭിച്ചു. താത്കാലികമായി മാത്രമാകും ഇത്തരത്തില്‍ സംവിധാനമൊരുക്കുക. മലയോര മേഖലകളില്‍ ഡിജിറ്റല്‍ രൂപ വിനിമയം സുഗമമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ ഡിജിറ്റല്‍ രൂപ വാലറ്റ് മുഖേന വ്യക്തിഗത-വ്യാപാര ഇടപാടുകള്‍ നടത്താനാകും. കൂടാതെ ഏത് കാര്യത്തിന് പണം വിനിയോഗിക്കണമെന്നത് മുന്‍കൂട്ടി നിശ്ചയിച്ച് പ്രോഗ്രാം ചെയ്ത് നല്‍കാനും വൈകാത്യ സംവിധാനമൊരുക്കും. ഇത്തരത്തില്‍ ഒരാള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ രൂപ അതേ
ആവശ്യത്തിന് മാത്രമാകും ഉപയോഗിക്കാനാകുകയെന്ന് ആര്‍ബിഐ അറിയിച്ചു.

യുപിഐ മുഖേന ഓഫ്ലൈനായി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതിന് സമാനമായിരിക്കും ഇ-റുപ്പി ഓഫ്ലൈന്‍ ഇടപാടുകളും എന്ന് ആര്‍ബിഐ വ്യക്തമാക്കി. ഗ്രാമങ്ങള്‍, നഗരങ്ങള്‍, മലനിരകള്‍ എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Latest News