Monday, November 25, 2024

രാജ്യത്തെ ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്തെ ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസര്‍വ് ബാങ്ക്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പറയുന്നു. രാജ്യത്ത് നിര്‍മാണ തൊഴിലാളികളായ പുരുഷന്മാര്‍ക്ക് ശരാശരി ദിവസക്കൂലി 393.30 രൂപയാണെങ്കില്‍ കേരളത്തില്‍ ഇത് 852.5 രൂപയാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നിര്‍മാണമേഖലയിലെ പുരുഷതൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, ഉദ്യാന-തോട്ട തൊഴിലാളികള്‍, കാര്‍ഷികേതര തൊഴിലാളികള്‍ എന്നിങ്ങനെ നാലായി തിരിച്ചാണ് റിസര്‍വ് ബാങ്ക് പട്ടിക പുറത്തുവിട്ടത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ദിവസക്കൂലിയില്‍ രണ്ടാം സ്ഥാനത്തുളളത് ജമ്മു കശ്മീര്‍(550.4) ആണ്. തൊട്ടുപിന്നില്‍ ഹിമാചല്‍പ്രദേശ് (473.3), ഹരിയാന (424.8), തമിഴ്നാട് (470) എന്നീ സംസ്ഥാനങ്ങളാണ്.

മധ്യപ്രദേശും ഗുജറാത്തുമാണ് ഏറ്റവും പിന്നിലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പറയുന്നു. മധ്യപ്രദേശിലെ ഗ്രാമീണമേഖലയിലെ പുരുഷന്മാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി 229.2 രൂപയും ഗുജറാത്തില്‍ 241.9 രൂപയുമാണ്. ഈ വിഭാഗത്തിലെ ദേശീയ ശരാശരി വരുമാനം 345.7 രൂപയായിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് 764.3 രൂപയാണ്.

കര്‍ഷകത്തൊഴിലാളിക്ക് മധ്യപ്രദേശില്‍ പ്രതിമാസം 25 ദിവസത്തെ ജോലി ലഭിച്ചാല്‍ മാസവരുമാനം 5,730 രൂപയായിരിക്കും. ഇത് നാലുമുതല്‍ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വീട്ടുചെലവിന് മതിയാകില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. എന്നാല്‍, ഏറ്റവും ഉയര്‍ന്ന വേതനം (764.3) ലഭിക്കുന്ന കേരളത്തിലെ കര്‍ഷകത്തൊഴിലാളിക്ക് ഒരുമാസത്തില്‍ 19,107 രൂപ ലഭിക്കുന്നു.

 

Latest News