ഈടില്ലാതെ നല്‍കുന്ന വായ്പകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബാങ്കുകളോട് ആര്‍ബിഐ. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വ്യക്തിഗത ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട വ്യവസായ ലോണ്‍, മൈക്രോ ഫിനാന്‍സ് ലോണ്‍ എന്നിവ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തില്‍ വരുന്നവയാണ്.
ബാങ്കുകളുടെ മൂലധനത്തില്‍ വന്ന ഇടിവാണ് വികസിത രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ തകരാന്‍ കാരണമായത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയില്‍ ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ മുതല്‍ സ്വകാര്യ ബാങ്കുകളിലുടനീളമുള്ള സുരക്ഷിതമല്ലാത്ത വായ്പകളുടെ മൊത്തത്തിലുള്ള വിഹിതം 300 ബേസിസ് പോയിന്റിലധികമാണ്. ഫെബ്രുവരി 2022 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ബാങ്കുകള്‍ 2.2 ലക്ഷം കോടി രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പകളാണ് നല്‍കിയിട്ടുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പയേക്കാള്‍ കൂടുതലാണിത്. ഈ കണക്കുകള്‍ ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല.
തിരിച്ചടവ് ഉണ്ടാകാതിരിക്കുകയും വായ്പകള്‍ നല്‍കുന്നത് അധികമാകുകയും ചെയ്താല്‍ ബാങ്കുകളുടെ മൂലധന ആസ്തിക്ക് കോട്ടം തട്ടിയേക്കും. കോവിഡ് മഹാമാരിക്ക് ശേഷം ബാങ്കുകള്‍ സുരക്ഷിതമല്ലാത്ത വായ്പകള്‍ നല്‍കുന്നത് വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2023-24 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ ഇത്തരം വായ്പയില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ആര്‍ ബി ഐ ആവശ്യപ്പെടുന്നത്.