Monday, November 25, 2024

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അറിയാന്‍ ആര്‍ബിഐയുടെ കേന്ദ്രീകൃത പോര്‍ട്ടല്‍

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ എന്ന വിഭാഗത്തിലേക്ക് മാറ്റിയ അക്കൗണ്ടിലെ ഡെപ്പോസിറ്റ് വിവരങ്ങള്‍ എളുപ്പത്തില്‍ അറിയുന്നതിനായി കേന്ദ്രീകൃത പോര്‍ട്ടലുമായി റിസര്‍വ്വ് ബാങ്ക്. 10 വര്‍ഷമോ അതില്‍ക്കൂടുതലോ ആയി ഇടപാടുകള്‍ നടത്താത്തതിനെത്തുടര്‍ന്ന്, അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കാലതാമസമില്ലാതെ, അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായാണ് കേന്ദ്രീകൃത പോര്‍ട്ടലിന് രൂപം നല്‍കുന്നത്.

നിലവില്‍ ഇത്തത്തിലുളള നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകള്‍ തെരയേണ്ട അവസ്ഥയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഒറ്റ ക്ലിക്കിലൂടെ, അകാശികളില്ലാത്ത കാറ്റഗറിയിലേക്ക് മാറ്റിയ നിക്ഷേപങ്ങള്‍ മുഴുവനായി അറിയാന്‍ കഴിയുന്ന സംവിധാനമൊരുക്കുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലുടനീളമുള്ള നിക്ഷേപകരുടെയും അവരുടെ ബെനിഫിഷറീസിന്റെയും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ സുഗമമായി ആക്സസ് ചെയ്യാന്‍ കഴിയും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍, അവകാശികളില്ലാതെ കിടന്ന ഏകദേശം 35,000 കോടി രൂപ റിസര്‍വ്വ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് അടുത്തിടെയാണ്.

പത്ത് വര്‍ഷമോ അതിലധികമോ ആയി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപ തുകയാണ് ആര്‍ബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവര്‍ത്തനരഹിതമായ 10.24 കോടി അക്കൗണ്ടുകളിലെ പണമാണ് ആര്‍ബിഐയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് വ്യക്തമാക്കിയിരുന്നു.

 

Latest News