Friday, February 7, 2025

ലോക കാന്‍സര്‍ ദിനത്തില്‍ ‘കുന്തുരുക്കം’ വായിക്കുമ്പോള്‍ 

ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമാണ്. കാന്‍സര്‍ രോഗികളെ പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിനം. കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞ സ്വന്തം സഹോദരിയുടെ ഓര്‍മ്മയില്‍ എഴുതപ്പെട്ട പുസ്തകമാണ് ‘കുന്തുരുക്കം.’ കാന്‍സറിനെക്കുറിച്ചും രോഗികളുടെ മാനസികാവസ്ഥകളെക്കുറിച്ചും രോഗീശുശ്രൂഷകരെക്കുറിച്ചും സഹനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായവിധത്തില്‍ വിവരിക്കുന്ന പുസ്തകമാണിത്. ‘Frankincense’ എന്നപേരിൽ ഇതിന്റെ ഇംഗ്ലീഷ്  വിവർത്തനവും ഇപ്പോൾ ലഭ്യമാണ്. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഈ പുസ്തകത്തെക്കുറിച്ച് ഫാ. ജയിംസ് കൊക്കാവയലിൽ എഴുതുന്നു.

കുന്തുരുക്കം നല്ല ഒരു പ്രതീകമാണ്. സഹനത്തിന്റെ തീച്ചൂളയിൽ എരിയുമ്പോഴും  സ്നേഹത്തിന്റെയും വിശുദ്ധിയുടെയും പരിമളം പരത്തുന്നവരെ സൂചിപ്പിക്കാൻ ഇതിലും മികച്ച പ്രതീകം ഒരുപക്ഷേ സ്വപ്നങ്ങളിൽ മാത്രമാവും ഉണ്ടാവുക. തീയിൽ കത്തുന്ന വിറക്, കടലാസ് മുതലായവ പെട്ടെന്ന് എരിഞ്ഞുചാമ്പലാവുന്നു. മാത്രമല്ല, പുകയും രൂക്ഷഗന്ധവും വമിപ്പിച്ചു എന്നുംവരാം. എന്നാൽ കുന്തുരുക്കം എരിഞ്ഞുചാമ്പലാവുകയല്ല, സാവധാനം ഉരുകിയുരുകി തീക്കനലിനോടു പറ്റിച്ചേരുകയാണ് ചെയ്യുന്നത്. മരണത്തെ മുഖാമുഖം കാണുന്ന ഒരു കാൻസർ രോഗിയുടെ ജീവിതവും ഇതുപോലെ തന്നെയാണ്. അപകടങ്ങളോ, ഹൃദയാഘാതമോ മൂലം പെട്ടെന്ന് മരണം സംഭവിക്കുന്നവരുണ്ട്. മറ്റുചിലർ രോഗികളായി അബോധാവസ്ഥയിലാവും മരണമടയുന്നത്. എന്നാൽ കാൻസർ രോഗികളിൽ പലരും സുബോധത്തോടുകൂടി ചികിത്സയുടെ സഹനങ്ങളിലൂടെയും രോഗത്തിന്റെ വേദനകളിലൂടെയും കടന്നുപോയി വർഷങ്ങൾ മരണത്തെ അഭിമുഖീകരിക്കാൻ പരിശ്രമിച്ച് അതിൽ എത്തിച്ചേരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.

ബഹുമാനപ്പെട്ട ജി. കടൂപ്പാറയിൽ അച്ചൻ കുന്തുരുക്കം എന്ന ഈ പുസ്തകത്തിൽ, തന്റെ സഹോദരി സി. ജെസ്സിയുടെ കാൻസർ രോഗവും മരണവുമായി ബന്ധപ്പെട്ട് മനുഷ്യജീവിതത്തെയും സഹനത്തെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചു നടത്തുന്ന ധ്യാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വേദനയുടെ കഠോരനിമിഷങ്ങളെ ദൈവികചിന്തകൾ കൊണ്ടും തത്വവിചാരങ്ങൾ കൊണ്ടും നിറയ്ക്കാൻ സാധിക്കുന്ന ഈ സഹോദരനും സഹോദരിയും ഒരു വിസ്മയമാണ്. സാധാരണയായി, മനുഷ്യർ രോഗസൗഖ്യത്തിനായും സഹനങ്ങളിൽ ആശ്വാസത്തിനായും പ്രാർഥിക്കുമ്പോൾ ഇവർ, അവയെ എങ്ങനെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് ചിന്തിക്കുന്നതും വായനക്കാർക്ക് പറഞ്ഞുതരുന്നതും.

സുകൃതപൂർണ്ണമായ ഒരു ജീവിതത്തിനു മാത്രമേ സംതൃപ്തികരമായ ഒരു കടന്നുപോകൽ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവരുടെ ഹൃദയത്തിൽ പേരെഴുതപ്പെടുക എന്നത് നിസ്സാരകാര്യമല്ല. ആരുടെയൊക്കെയെങ്കിലും മരണത്തിൽ നമ്മൾ വിതുമ്പുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു വിപ്പിംഗ് ഏഞ്ചൽ ആയി മാറുന്നുണ്ടെങ്കിൽ അവരുടെ പേര് നമ്മുടെ ഹൃദയത്തിൽ എഴുതപ്പെട്ടതുകൊണ്ടാണത്.  ദൈവത്തിങ്കലേക്കു നോക്കി തുറന്ന ഹൃദയത്തോടെ ജീവിക്കുക, ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെക്കുറിച്ച് അവരോടുതന്നെ നന്മകൾ പറയുക, ചതുരംഗക്കളിയായ ഈ ജീവിതത്തിൽ സംഭവിക്കുന്ന തോൽവികളെ നിർവികാരതയ്ക്കു പകരം പ്രതീക്ഷയോടെ നേരിടുക, മറ്റുള്ളവർക്ക്  പ്രത്യാശ പകരുന്ന സംഭാഷണങ്ങളുണ്ടാവുക ഇവയൊക്കെ നമ്മുടെ ജീവിതത്തിൽ നാം പരിശീലിക്കേണ്ട കാര്യങ്ങളാണ്.

സ്നേഹിക്കുന്നവരുടെ ഒപ്പം ആയിരിക്കുക എന്നത് ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളാണ്. അവയാണ് എന്നും നമ്മുടെ ഓർമ്മയിൽ നിലനിൽക്കുന്നത്. നമ്മുടെ രോഗീസന്ദർശനങ്ങൾ ഒരിക്കലും രോഗിക്ക് ഭാരമാകരുത്. അവർക്ക് പ്രത്യാശ നൽകുന്ന വിധത്തിൽ സംസാരിക്കാൻ നാം ശ്രദ്ധിക്കണം. രോഗിലേപനം എന്ന കൂദാശ സുബോധത്തോടെ സ്വീകരിക്കുന്ന ഒരു രോഗിയുടെയും സ്വന്തക്കാർക്കും സ്നേഹിതർക്കുമായി ഇത് പരികർമ്മം ചെയ്യുന്ന ഒരു പുരോഹിതന്റെയും മാനസികാവസ്ഥ എന്തായിരിക്കും, ആതുരശുശ്രൂഷയുടെ ചൈതന്യം എന്താണ്, എന്തുകൊണ്ട് അവരെ ബഹുമാനിക്കണം, ജീവിതം ദൈവം ഏൽപിച്ച ദൗത്യമാണ്; അത് പൂർത്തീകരിക്കുന്നവർക്ക് സംതൃപ്തിയോടെ ദൈവത്തിന്റെ പക്കലേക്കു മടങ്ങാൻ സാധിക്കും, നിത്യതയിൽ നമുക്ക് പ്രതീക്ഷയുണ്ടായിരിക്കണം, മരണം സ്വർഗയാത്രയാണെന്ന ബോധ്യം നമ്മിൽ പ്രത്യാശ പകരും, സഹനത്തിന്റെ മൂല്യത്തെ നാം സാംശ്വീകരിക്കണം. കാരണം സഹനം നമ്മെ ആത്മീയതയിലേക്കും ദൈവത്തിലേക്കും നയിക്കുന്നു. മരണമടഞ്ഞവരെക്കുറിച്ചുള്ള ഓർമ്മകൾ നിർമ്മലമാണ്; അവർക്കുവേണ്ടി പ്രാർഥിക്കുക എന്നതാണ് നമുക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം. നമ്മളും മരണമടഞ്ഞവരും ഒരുമയിലാണ്, അവർ ദൈവത്തോടൊപ്പം നിത്യതയിൽ നമുക്കായി കാത്തിരിക്കുന്നു. ഇങ്ങനെ മനുഷ്യജീവിതത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ധാരാളം ചിന്തകൾ 19 അധ്യായങ്ങളിലായി ഈ പുസ്തകം പങ്കുവച്ചുതരുന്നു.

മരണത്തെക്കുറിച്ച് ഇപ്രകാരമുള്ള ആഴമേറിയ ഒരു ക്രിസ്തീയധ്യാനം മലയാളസാഹിത്യത്തിൽ വളരെ കുറവായിരിക്കും. പക്ഷേ, ജീവിതത്തിലെ നിരാശകളെ അതിജീവിക്കുന്നതിനും ബലഹീനതകളെ പരിഹരിക്കുന്നതിനും നിത്യയെക്കുറിച്ചുള്ള ധ്യാനം കൂടിയേതീരൂ. സഹനത്തെയും രോഗത്തെയും മരണത്തെയും എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെപ്പറ്റി താത്വികവിശകലനം നടത്തുന്നതിനെക്കാളുപരി സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വിവരിക്കുമ്പോൾ അത് ഹൃദയസ്പർശിയായിത്തീരുന്നു. ഒറ്റയിരിപ്പിനു വായിച്ചുപോകുന്ന മനോഹരമായ ആഖ്യാനശൈലി ഈ പുസ്തകം പുലർത്തിയിരിക്കുന്നു. ലിമ്പ് എഡിഷനിൽ ക്വാളിറ്റി പേപ്പറിൽ അക്ഷരത്തെറ്റുകളില്ലാതെ മനോഹരമായാണ് ഇതിന്റെ പ്രിൻറിംഗ് നിർവഹിച്ചിരിക്കുന്നത്.

കോട്ടയം ലൈഫ് ഡേ ബുക്സ് പുറത്തിറക്കിയിരിക്കുന്ന 168 പേജുകളുള്ള ഈ പുസ്തകം 150 രൂപ വിലയിൽ ഓൺലൈനിൽ www.lifeday.in എന്ന വിലാസത്തിൽ ലഭ്യമാണ്. വായനക്കാരുടെ ആത്മീയജീവിതത്തിന് ഈ പുസ്തകം ഒരു മുതൽക്കൂട്ട് തന്നെയാണ്.

കോപ്പികൾക്കായി: +91 8078805649

ഫാ. ജയിംസ് കൊക്കാവയലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News