കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമ പിടിച്ചെടുത്ത് വിമതനേതാവ്. തലസ്ഥാനമായ കിൻഷാസ വരെ തങ്ങളുടെ ആക്രമണം തുടരുമെന്നും നേതാവ് പറഞ്ഞു. എം 23 ഉൾപ്പെടുന്ന വിമതഗ്രൂപ്പുകളുടെ ഒരു സഖ്യത്തിന് നേതൃത്വം നൽകുന്ന കോർണിലി നംഗ, തങ്ങളുടെ ആത്യന്തികലക്ഷ്യം പ്രസിഡന്റ് ഫെലിക്‌സ് ഷിസെക്കെദിയുടെ സർക്കാരിനെ അട്ടിമറിക്കുക എന്നതാണെന്നും കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനങ്ങൾക്കിടയിലും റുവാണ്ടയുടെ പിന്തുണയുള്ള വിമതർ നിലവിൽ ധാതുസമ്പന്നമായ കിഴക്കൻമേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവുവിലേക്ക് മുന്നേറുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
ഗോമയുടെ പതനത്തിനുശേഷം വിമതരിൽനിന്ന് പ്രദേശം തിരിച്ചുപിടിക്കാൻ ശക്തവും ഏകോപിതവുമായ പ്രതികരണം നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷിസെക്കെദി ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. “ഒരു കാര്യം ഉറപ്പാക്കുക. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വയം അപമാനിക്കപ്പെടാനോ, തകർക്കപ്പെടാനോ അനുവദിക്കില്ല. ഞങ്ങൾ പോരാടും, വിജയിക്കും” – അദ്ദേഹം ബുധനാഴ്ച വൈകുന്നേരം പറഞ്ഞു.
“ഈ പോരാട്ടം ഏകദേശം അഞ്ചുലക്ഷം ആളുകളെ അവരുടെ വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ഇത് ഭയാനകമായ മാനുഷിക പ്രതിസന്ധിയുണ്ടാക്കുന്നു” – യു. എൻ. പറയുന്നു.
കഴിഞ്ഞയാഴ്‌ച മുതൽ പോരാട്ടം രൂക്ഷമായതിനാൽ നഗരത്തിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു; ഭക്ഷണത്തിനും ദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി.