റഷ്യ-യുക്രൈൻ യുദ്ധത്തിൽ ചർച്ചയ്ക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയിൽ നിന്ന് തനിക്കൊരു കത്ത് ലഭിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
“ഇന്ന് രാവിലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയിൽ നിന്ന് എനിക്കൊരു പ്രധാന കത്ത് ലഭിച്ചു. ‘ശാശ്വത സമാധാനം കൈവരിക്കുന്നതിനായി യുക്രൈൻ എത്രയുംവേഗം ചർച്ചാമേശയിലേക്കു വരാൻ തയ്യാറാണ്. യുക്രേനിയക്കാരെക്കാൾ സമാധാനം മറ്റാരും ആഗ്രഹിക്കുന്നില്ല’ എന്നും കത്തിൽ പറയുന്നു” – ട്രംപ് ചൊവ്വാഴ്ച യു എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആ കത്ത് ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു.
ഫെബ്രുവരി 28 വെള്ളിയാഴ്ച, യു എസിലെ വാഷിംഗ്ടൺ ഡി സി യിലെ വൈറ്റ് ഹൗസിൽവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ച രൂക്ഷമായ വാക്കേറ്റത്തിൽ അവസാനിക്കുകയായിരുന്നു.