Monday, November 25, 2024

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെയാണ് യാത്രക്കാരുടെ എണ്ണം ഒരുകോടി പിന്നിട്ട് സിയാല്‍ റെക്കോര്‍ഡിട്ടത്. പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറി.

പുതുവര്‍ഷം പിറക്കാന്‍ 11 ദിവസം ബാക്കിനില്‍ക്കെയാണ് സിയാല്‍ മറ്റൊരു നേട്ടംകൂടി കൈവരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി സിയാല്‍ മാറുകയായിരുന്നു. ഒപ്പം സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിമാനത്താവളമായും സിയാല്‍ മാറി.

അഞ്ചു വയസ്സുകാരി, ലയ റിനോഷ് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയതോടെയായിരുന്നു യാത്രക്കാരുടെ എണ്ണം ഒരുകോടി തൊട്ടത്. സിയാല്‍ എം ഡി എസ്.സുഹാസ് ലയക്ക് പ്രത്യേക ഉപഹാരം നല്‍കി. സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 54.04 ലക്ഷം രാജ്യത്തിനകത്ത് യാത്ര ചെയ്തവരും 46.01 ലക്ഷം പേര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തവരുമാണ്. മൊത്തം 66,540 വിമാനങ്ങളാണ് ഇക്കാലയളവില്‍ സര്‍വീസ് നടത്തിയത്.

 

Latest News