ഒറ്റരാത്രി കൊണ്ട് പരസ്പരം റെക്കോർഡ് ഡ്രോൺ ആക്രമണം നടത്തി റഷ്യയും യുക്രൈനും. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും വലിയ ഡ്രോൺ ആക്രണമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
റഷ്യ, ഒറ്റരാത്രി കൊണ്ട് 145 ഡ്രോണുകൾ യുക്രൈനുനേരെ തൊടുത്തുവിട്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി വെളിപ്പെടുത്തി. ഇതുവരെയുള്ള എല്ലാ രാത്രികാല ആക്രമണത്തെക്കാളും ഉയർന്ന നിരക്കാണ് ഇത്.
“ഇന്നലെ രാത്രി റഷ്യ യുക്രൈനെതിരെ 145 ഷഹീദുകളും മറ്റ് സ്‌ട്രൈക്ക് ഡ്രോണുകളും വിക്ഷേപിച്ചു” – സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. യുക്രൈന്റെ പ്രതിരോധത്തിന് കൂടുതൽ സഹായം നൽകാൻ കീവിന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് അദ്ദേഹം അഭ്യർഥിച്ചു.
മോസ്‌കോയെ ലക്ഷ്യമിട്ട 34 യുക്രേനിയൻ ആക്രമണ ഡ്രോണുകൾ ഞായറാഴ്ച തകർത്തതായി റഷ്യ അറിയിച്ചു. 2022 ൽ ആക്രമണം ആരംഭിച്ചതിനുശേഷം തലസ്ഥാനത്തിനുനേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സംഘർഷം അവസാനിപ്പിക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടലുണ്ടാകുമെന്നു പ്രതീക്ഷിച്ച്, നിലവിൽ തുടരുന്ന യുദ്ധത്തെ ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായും യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും വാഷിംഗ്ടൺ പോസ്റ്റ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.