Thursday, January 23, 2025

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: നാലു ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ‌ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ചയും കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ യെല്ലോ അലർട്ടാണു നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ അഞ്ച് മുതൽ സെപ്റ്റംബർ എട്ടു വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ അഞ്ച് മുതൽ സെപ്റ്റംബർ ഒൻപതു വരെയും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ മൽസ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News