സംസ്ഥാനത്ത് ചില ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെങ്കണ്ണ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരിക്കുന്നതും രോഗബാധയെ അവഗണിക്കുന്നതും രോഗാവസ്ഥയെ സങ്കീർണമാക്കുന്നു. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. മാത്രമല്ല ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരുടേയും സേവനവും ലഭ്യമാണ്. ഇവർ വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു.
കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.
ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരേയും നീണ്ടുനിൽക്കാം. ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.