ഒന്ന് ലോകം ചുറ്റിയാൽ നമുക്കു തോന്നും ദൈവം എത്ര വലിയ കലാകാരനാണെന്ന്. ഒരു ക്യാൻവാസിൽ ദൈവം വളരെ മനോഹരമായി വരച്ച ഒരു അദ്ഭുതമാണ് ഈ ഭൂമി. നാം ദിവസവും കാണുന്ന ഈ പച്ചപ്പിനും കടലിനും മലകൾക്കുമപ്പുറം നിരവധി അദ്ഭുതങ്ങളും പ്രകൃതി നമുക്കായി ഒരുക്കിവച്ചിട്ടുണ്ട്. അതിൽ ഇതുവരെ ഉത്തരം കണ്ടെത്താത്ത നിരവധി കാര്യങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ചെങ്കടൽ.
ചെങ്കടൽ എന്ന പേരും നിറവും
വളരെക്കാലം മുൻപാണ് ചെങ്കടലിന് ആ പേര് ലഭിച്ചത്. പക്ഷെ, വെള്ളത്തിന് ചുവപ്പ് നിറമായതുകൊണ്ടല്ല ചെങ്കടലിന് ആ പേര് ലഭിച്ചത്. ഗ്രീക്കിൽ ‘ചുവപ്പ്’ എന്നും ‘തെക്ക്’ എന്നും അർഥം വരുന്ന ‘എറിത്ര’ എന്ന പദം, തെക്കോട്ടുള്ള അതിന്റെ സ്ഥാനം വിവരിക്കാൻ ഉപയോഗിച്ചിരുന്ന പുരാതന ഭാഷകളിൽ നിന്നായിരിക്കാം ഈ കടലിന് ഈ പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. ചെങ്കടൽ എന്നത് വിളിപ്പേരാണെങ്കിലും ഇതിന്റെ യഥാർഥ നിറം തീവ്രമായ ടർക്കോയ്‌സ് (നീലയും പച്ചയും കലർന്ന) നിറമാണ്.
ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലാണ് ചെങ്കടൽ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്.
നിറത്തിനു പിന്നിലെ കാരണം
സമുദ്രത്തിന് ഈ നിറം വന്നതിനു പിന്നിൽ ശാസ്ത്രീയമായ ഒരു കാരണം പറയുന്നുണ്ട്. ട്രൈക്കോഡെസ്മിയം എറിത്രിയം എന്നറിയപ്പെടുന്ന സയനോബാക്ടീരിയ ആൽഗകളുടെ പൂക്കളാൽ ഈ സമുദ്രം നിറഞ്ഞിരിക്കുന്നു. ഈ ആൽഗകൾ നശിച്ചുപോകുമ്പോൾ അവയുടെ രൂപം നീല-പച്ച നിറമായി മാറുന്നതാണ്. എന്നാൽ, നിറം അത്ര തീവ്രമല്ലെങ്കിലും വിശാലമായ ജലാശയത്തിലുടനീളം അത് വ്യാപിക്കുമ്പോൾ വ്യത്യാസപ്പെടുന്നു. ഇത് സമുദ്രത്തെ ചുവപ്പ് കലർന്ന തവിട്ടുനിറമാറ്റുകയും ചെയ്യുന്നു.
ചെങ്കടലിനെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ ഇതാ
1. കടലിനു ചുറ്റുമുള്ള കാലാവസ്ഥ വർഷം മുഴുവനും ഒരേ രീതിയാണ് പിന്തുടരുന്നത്. ശൈത്യകാലത്ത് തണുപ്പും വേനൽക്കാലത്ത് ചൂടും കൂടുതലായിരിക്കും.
2. ജൈവവൈവിധ്യത്താൽ സമ്പന്നമാണ് ചെങ്കടൽ. അതിശയകരമായ ജന്തു -സസ്യജാലങ്ങൾ, എണ്ണമറ്റ മത്സ്യങ്ങൾ, കണ്ടൽക്കാടുകൾക്കു ചുറ്റുമുള്ള അതിശയകരമായ പവിഴപ്പുറ്റുകൾ, കടൽപുല്ലുകളുടെ തടങ്ങൾ, ഉപ്പുവെള്ളം, ചതുപ്പുകൾ എന്നിവയും ഇവിടെയുണ്ട്. ഇവിടെയുള്ള പവിഴപ്പുറ്റുകൾക്ക് 7000 വർഷം വരെ പഴക്കമുണ്ട്.
3. സ്കൂബ ഡൈവിംഗിനും സ്നോർക്കലിംഗിനും ഇവിടം പേരുകേട്ടതാണ്.