Wednesday, November 27, 2024

ഇരുചക്ര വാഹന യാത്രയിലെ നിയന്ത്രണം; നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം. ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചിട്ടായിരിക്കും തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘കേരളത്തില്‍ ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ഒരു കുട്ടിയെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. സംസ്ഥാനത്തിനു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കേന്ദ്ര മോട്ടര്‍ വാഹന നിയമത്തില്‍ മാറ്റം വരണം. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തില്‍ ഉന്നയിച്ച് നിയമത്തില്‍ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുന്നു. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം വിലയിരുത്തും. യോഗത്തിന്റെ തീരുമാനം അനുസരിച്ച് കേന്ദ്രത്തെ സമീപിക്കും’. മന്ത്രി ആന്റണി രാജു പറഞ്ഞു.

 

Latest News