Monday, November 25, 2024

“മൃഗശാലയിലെ മൃഗങ്ങൾക്കു തുല്യമായിരുന്നു ആ ജീവിതം”: ഹമാസ് തടവിലെ ഭീകരതയെക്കുറിച്ച് വെളിപ്പെടുത്തി ഇസ്രായേൽ യുവതി

“ഞാൻ സർജനെ കണ്ടു; എന്നാൽ അവന്റെ മുഖം കണ്ടില്ല. നീ ജീവനോടെ വീട്ടിലേക്കു പോകില്ല എന്ന് അയാൾ എന്നോടു പറഞ്ഞു” – ഹമാസ് ബന്ദിയാക്കുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത ഇസ്രായേൽ യുവതി മിയ സ്കീം ഏറെ ഭീതിയോടെയാണ് താൻ കടന്നുവന്ന ദിനങ്ങളെ ഓർക്കുന്നത്. ചാനൽ 13 -നു നൽകിയ അഭിമുഖത്തിലാണ് മിയ, താൻ കടന്നുപോയ ഭീകരദിനങ്ങളെക്കുറിച്ചു പങ്കുവയ്ക്കുന്നത്.

ഒക്‌ടോബർ 7 -ന് സൂപ്പർനോവ ഫെസ്റ്റിവലിൽനിന്ന് ഹമാസ് ബന്ദിയാക്കിയവരിൽ മിയയും ഉൾപ്പെട്ടിരുന്നു. ബന്ദിയാക്കപ്പെട്ടതിനുശേഷം, 21 -കാരിയായ ഈ യുവതി കടന്നുപോയത് ഭീകരമായ അവസ്ഥകളിലൂടെയായിരുന്നു. പരിക്കേറ്റ കൈയ്യിൽ പ്ലാസ്റ്റിക് കഷണവുംകെട്ടി ഗാസയിലെ ഒരു ആശുപത്രിയിൽ മൂന്നുദിവസം താൻ ചെലവഴിച്ചതായി മിയ വെളിപ്പെടുത്തുന്നു. അവൾ ഗാസയിൽ എത്തിയശേഷം മൂന്നുദിവസം ആശുപത്രിയിലെ ഒരു മുറിയിൽ കിടന്നു. മൂന്നു ദിവസങ്ങൾക്കുശേഷം ഓപ്പറേഷൻ തീയേറ്ററിലേക്ക് മിയയെ മാറ്റി. അവിടെ അവൾ അനസ്തേഷ്യയോ, വേദനസംഹാരികളോ ഇല്ലാത്ത ഒരു പ്രക്രിയയ്ക്ക് വിധേയയായി.

തുടർന്നുള്ള ദിവസങ്ങളും മിയയ്ക്ക് വേദനകളും ഭീതിയും മാത്രം സമ്മാനിച്ചവയായിരുന്നു. “ഞാനൊരു കൂട്ടക്കൊലയിലൂടെ കടന്നുപോയി. മൃഗശാലയിലെ മൃഗങ്ങൾക്കു തുല്യമായിരുന്നു ആ ദിനങ്ങളിലെ എന്റെ ജീവിതം” – മിയ വെളിപ്പെടുത്തുന്നു. കൂടെയുണ്ടായിരുന്ന പല ബന്ദികളും മോചിപ്പിക്കപ്പെട്ടിട്ടില്ല എന്നത് ഇന്നും അവളെ വിഷമത്തിലാക്കുന്നു. തന്നെ മോചിപ്പിക്കുന്ന അവസരത്തിൽ “മിയ, ദയവായി ഞങ്ങളെ മറക്കാൻ അവരെ അനുവദിക്കരുത്” എന്നാണ് ബന്ദികളാക്കപ്പെട്ട മറ്റുള്ളവർ പറഞ്ഞത്. ഈ വാക്കുകൾ ഇന്നും തന്റെ ഉറക്കം കെടുത്തുന്നുവെന്ന് മിയ വേദനയോടെ പറയുന്നു.

നവംബർ അവസാനത്തോടെ, ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന്റെ അവസാന ദിവസമാണ് മിയയെ ഗാസയിൽനിന്ന് മോചിപ്പിച്ചത്. 54 ദിവസത്തെ തടവിനുശേഷം മോചിപ്പിക്കപ്പെട്ട മിയ, ഗാസയിലെ എല്ലാവരും തീവ്രവാദികളാണെന്നാണ് പറഞ്ഞത്. മോചനത്തിനുശേഷവും ആ ദിനങ്ങളിലെ ഭീകരത ഇന്നും മിയയെ വേട്ടയാടുന്നു. പല രാത്രികളിലും ഞെട്ടിയുണരുന്നു. കൂടെയുണ്ടായിരുന്ന ബന്ദികളുടെ നിലവിളികൾ ഇന്നും ഈ യുവതിയുടെ കാതുകളിൽ മുഴങ്ങുകയാണ്.

Latest News