നിരത്തുകളില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്ക് ആശ്വാസമായി ‘എസി’ ഹെല്‍മെറ്റ് വരുന്നു. കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ഹെല്‍മെറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ പൊലീസുകര്‍ക്ക് വിതരണംചെയ്തു. തല തണുപ്പിക്കുന്നതിനുപുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റു രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം നല്‍കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്മെറ്റിനേക്കാളും അരക്കിലോ ഭാരക്കൂടുതലുള്ള ഹെല്‍മറ്റുകളാണ് കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ചിരിക്കുന്നത്. എട്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. അന്തരീക്ഷത്തില്‍ നിന്നും വായുവിനെ വലിച്ചെടുത്ത് മുഖത്തേക്ക് അടിപ്പിക്കുന്നതുവഴി ചൂടും പൊടിയും അകറ്റുന്ന രീതിയിലാണ് ഹെല്‍മെറ്റിന്റെ രൂപകല്പന.
ചൂടിൽ നിന്നും രക്ഷനേടാൻ പരീക്ഷണമെന്നോണം ആദ്യഘട്ടത്തില്‍ ആറു ട്രാഫിക് പൊലീസുകാര്‍ക്ക് എസി ഹെല്‍മെറ്റ് വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബാററ്റിയില് പ്രവര്‍ത്തിക്കുന്ന എസി ഹെല്‍മറ്റുകള്‍ ആഗസ്റ്റ് പത്തുമുതലാണ് അഹമ്മദാബാദില്‍ പരീക്ഷിച്ചുതുടങ്ങിയത്. എസി ഹെല്‍മെറ്റ് വയ്ക്കാന്‍ തുടങ്ങിയതോടെ സണ്‍ഗ്ലാസും തൂവാലയും ഒഴിവാക്കിയെന്ന് ട്രാഫിക് പൊലീസുകാര്‍ പറയുന്നു.