Sunday, November 24, 2024

ക്രിസ്ത്യാനികള്‍ക്കെതിരെ നിക്കരാഗ്വന്‍ സര്‍ക്കാര്‍ നടത്തുന്ന മതസ്വാതന്ത്ര്യലംഘനങ്ങള്‍; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

ക്രിസ്ത്യാനികള്‍ക്കെതിരെ നിക്കരാഗ്വന്‍ സര്‍ക്കാര്‍ നടത്തുന്ന മതസ്വാതന്ത്ര്യലംഘനങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. പുതിയ റിപ്പോര്‍ട്ടില്‍, രാജ്യത്തിനകത്ത് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പീഡനത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.

പുരോഹിതന്മാരെയും സാധാരണക്കാരെയും ഏകപക്ഷീയമായി അറസ്റ്റു ചെയ്യുകയും തടവിലിടുകയും നാടുകടത്തുകയും കത്തോലിക്കാ ജീവകാരുണ്യ – വിദ്യാഭ്യാസ സംഘടനകള്‍ അടച്ചുപൂട്ടുകയും സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തുകൊണ്ട് നിക്കരാഗ്വ സര്‍ക്കാര്‍ കത്തോലിക്കാ സഭയെ അതിന്റെ മനുഷ്യാവകാശവാദത്തിനായി അടിച്ചമര്‍ത്തുന്നതു തുടരുന്നു. ഒര്‍ട്ടെഗയും മുറില്ലോയും തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ അടിച്ചമര്‍ത്താനും അധികാരികള്‍ സമാനമായ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും കത്തോലിക്കാ പുരോഹിതരെ ‘പിശാചിന്റെ പ്രതിനിധികള്‍’ എന്നുവിളിക്കുകയും സഭയെ ഒരു ‘മാഫിയ’യോട് ഉപമിക്കുകയും ചെയ്തു. 2018-ല്‍ സാമൂഹികസുരക്ഷ കുറയ്ക്കുന്നതിനെതിരെയുള്ള ജനകീയപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഒര്‍ട്ടെഗയും മുറില്ലോയും സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ പിടിമുറുക്കി. എന്നിരുന്നാലും, തീവ്രമായ മനുഷ്യാവകാശലംഘനങ്ങള്‍ സഹിച്ച പൗരന്മാരില്‍നിന്നുള്ള രോഷം വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

2018-ലെ പ്രതിഷേധം മുതല്‍, നിക്കരാഗ്വന്‍ അധികാരികള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളെ പതിവായി ലക്ഷ്യമിടുന്നു. കാരണം, അവര്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് സര്‍ക്കാര്‍ അധികാരത്തിനു ഭീഷണിയായി കണക്കാക്കപ്പെടുന്നു.

 

Latest News