ഏകപക്ഷീയമായി അരുണാചല്‍ പ്രദേശിലെ പതിനൊന്നു സ്ഥലങ്ങളുടെ പേരു മാറ്റിയ ചൈനീസ് നീക്കത്തെ അപലപിച്ച് അമേരിക്ക. പ്രദേശങ്ങളുടെ പേരു മാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന്, പ്രസ്‌താവനയിലൂടെ വൈറ്റ് ഹൗസ് അറിയിച്ചു.
“അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അത് യുഎസ് അംഗീകരിച്ചിട്ടുണ്ട്. പ്രദേശങ്ങളുടെ പേരു മാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നു” – വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ടിബറ്റിന്റെ തെക്കൻ ഭാഗമെന്ന് അവകാശപ്പെട്ട് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകളാണ് ചൈന ഏകപക്ഷീയമായി മാറ്റിയതായി ചൊവ്വാഴ്‌ച പ്രഖ്യാപിച്ചത്. എന്നാല്‍ ചൈനയുടെ ഈ നീക്കത്തെ ഇന്ത്യ നേരത്തെ തളളിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ചൈനയുടെ നടപടിക്കെതിരെ രംഗത്തെത്തിയത്.
അതേ സമയം, ചൈന ആദ്യമായല്ല സ്ഥലനാമങ്ങള്‍ മാറ്റുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കെട്ടിച്ചമച്ച പേരുകള്‍ നല്‍കാനുളള നീക്കം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.