ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കിലിയന്‍ എംബാപ്പെക്ക് പി.എസ്.ജിയുടെ അന്ത്യശാസനം. കരാര്‍ പുതുക്കുക അല്ലെങ്കില്‍ ക്ലബ് വിടുക എന്നാണ് എംബാപ്പെയോട് പി.എസ്.ജി നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ പത്തു ദിവസത്തെ സമയവും ക്ലബ് നല്‍കിയിട്ടുണ്ട്.
ചാംപ്യന്‍സ് ലീഗ് കിരീടം കൈവിട്ടതിനു പിന്നാലെയാണ് പി.എസ്.ജി വിടാന്‍ എംബാപ്പെ തീരുമാനിച്ചത്. ഈ സീസണില്‍ എംബപ്പെയുടെ കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാന്‍ താരത്തോട് ക്ലബ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കരാര്‍ പുതുക്കില്ലെന്ന് താരം ക്ലബിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
കരാര്‍ പുതുക്കിയില്ലെങ്കില്‍ താരത്തെ ഈ സീസണില്‍ തന്നെ വില്‍ക്കുമെന്നാണ് പി.എസ്.ജിയുടെ നിലപാട്. ഒരു ഫ്രീ ഏജന്റായി എംബാപ്പെയെ പോലൊരു വമ്പന്‍താരത്തെ നഷ്ടമാക്കാന്‍ ക്ലബിനും മടിയുണ്ട്. അതിനാല്‍ താരത്തെ ക്ലബിനൊപ്പം ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമം പി.എസ്.ജി നടത്തിയിരുന്നു. എന്നാല്‍ കരാര്‍ പുതുക്കാനോ, ട്രാന്‍സ്ഫറിനോ ഇതുവരെ എംബാപ്പെ തയാറാകതെ വന്നതോടൊണ് അന്ത്യശാസനവുമായി ക്ലബ് രംഗത്തെത്തിയത്.
അതിനിടെ, കിലിയന്‍ എംബാപ്പെ പി.എസ്.ജിക്കൊപ്പം പ്രീ സീസണ് പരിശീലനം ആരംഭിച്ചു. പുതിയ കോച്ച് ലൂയിസ് എന്റിക്വേക്കു കീഴില്‍ പി.എസ്.ജിയുടെ പ്രീ സീസണ് ക്യാമ്പിലെത്തി താരം പരിശീലനം തുടങ്ങുകയും ചെയ്തു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ക്യാംപിനെത്തിയിട്ടുണ്ട്. നെയ്മറും എംബാപ്പെയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.