ഒൻപത് മാസത്തിനിടെ തുടർച്ചയായി ആറാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകൾ ഇനിയും ഉയരും. 25 ബേസിസ് പോയിന്റ് കൂട്ടി റിപ്പോ നിരക്ക് ആറര ശതമാനമാക്കിക്കൊണ്ടുള്ള തീരുമാനം റിസർവ് ബാങ്ക് ധനനയസമിതിയുടേതാണ്.
2022 ഡിസംബറില്‍ 35 ബേസിസ് ഉയര്‍ത്തി റിപ്പോ നിരക്ക് 6.25 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 6.50 ശതമാനമായി വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്തിയത്. 2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. ആറര ശതമാനമാക്കി റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയതോടെ മൊത്തം 2.25 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2024ലെ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.3 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർബിഐ എംപിസി യോഗത്തിൽ പങ്കെടുത്ത ആറിൽ നാലുപേരും റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നിരക്ക് ഉയര്‍ത്തിയത്.