പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പശ്ചിമ ബംഗാളില്‍ അക്രമസംഭവങ്ങൾ നടന്ന ബൂത്തുകളിൽ റീപോളിംഗ് നടക്കും. സസ്ഥാനത്തെ 604 ബൂത്തുകളില്‍ റീപോളിംഗ് നടത്തുമെന്ന് ഇലക്ഷൻ കമ്മീഷനാണ് പ്രഖ്യാപിച്ചത്. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പുതിയ വോട്ടെടുപ്പ്.
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെയുണ്ടായ വ്യാപകാക്രമത്തിൽ 19 പേരോളമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷ ബാധിത മേഖലകളില്‍ ബാലറ്റ് പെട്ടികളും ബാലറ്റ് പേപ്പറുകളും നശിപ്പിച്ചതുള്‍പ്പടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വോട്ടില്‍ കൃത്രിമം നടന്നെന്ന പരാതികള്‍ പരിശോധിക്കുമെന്നും നിരീക്ഷകരില്‍ നിന്നും റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചില ബൂത്തുകളില്‍ റീപോളിംഗ് നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോളിംഗ് വീണ്ടും നടത്തുമെന്ന് എസ്ഇസി അറിയിച്ചത്.
അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളെയും അക്രമങ്ങളെയും കുറിച്ച് ജില്ലാ മജിസ്ട്രേറ്റുമാരിൽ നിന്ന് (ഡിഎം) വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. .