Monday, November 25, 2024

ബ്രസീലില്‍ വ്യാപകമായി നടക്കുന്ന വനനശീകരണത്തില്‍ അധികാരികള്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്

ബ്രസീലിയന്‍ ആമസോണിലെ പരിസ്ഥിതി കുറ്റവാളികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി പൊതു വനങ്ങള്‍ നശിപ്പിച്ചിട്ടും ഫെഡറല്‍ പോലീസ് വേണ്ട നടപടികള്‍ എടുക്കുന്നില്ല. വനമേഖലയില്‍ വന്‍ നഷ്ടമുണ്ടായിട്ടും ഏഴ് ഓപ്പറേഷനുകള്‍ മാത്രമാണ് പോലീസ് നടത്തിയത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ബ്രസീലിയന്‍ ആമസോണിന് ഏകദേശം 580,000 ചതുരശ്ര കിലോമീറ്റര്‍ (224,000 ചതുരശ്ര മൈല്‍) വനങ്ങളുണ്ട്. അധിനിവേശങ്ങള്‍ നിയമവിധേയമാക്കിയതിനാല്‍, ഈ പൊതുവനങ്ങള്‍ നിയമവിരുദ്ധമായി ഭൂമി പിടിച്ചെടുക്കുന്ന കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു.

ഈ പൊതു വനങ്ങളെ സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ഫെഡറല്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. 2016 നും 2021 നും ഇടയില്‍ ആമസോണില്‍ ഫെഡറല്‍ പോലീസ് 302 പരിസ്ഥിതി കുറ്റകൃത്യ റെയ്ഡുകളാണ് നടത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളുടെ ദുര്‍ബലമായ നിയമ പരിരക്ഷയില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ ഭാഗത്തു നിന്നും അഭാവം ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രണ്ട് ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിന് ശേഷം 1985-ല്‍ ബ്രസീല്‍ ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങിയതിന് ശേഷം, തുടര്‍ച്ചയായി വരുന്ന മിക്ക സര്‍ക്കാരുകളും നിയമപരമായ പരിരക്ഷ നീട്ടാനുള്ള നീക്കങ്ങള്‍ നടത്തി, ഇന്ന് ആമസോണിന്റെ ഏകദേശം 47% സംരക്ഷിത മേഖലകളിലാണ. എന്നിരുന്നാലും, തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, രാജ്യത്ത് വളരെയധികം സംരക്ഷിത പ്രദേശങ്ങളുണ്ടെന്നും പതിറ്റാണ്ടുകളായി തുടരുന്ന ഈ നയം സ്തംഭിപ്പിച്ചുവെന്നും പറഞ്ഞു.

ആമസോണ്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ ഐപിഎം പ്രകാരം, ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കി, ആറ് വര്‍ഷത്തിനിടയില്‍, സഞ്ചിത നഷ്ടം ഏകദേശം 18,500 ചതുരശ്ര കിലോമീറ്ററില്‍ (7,100 ചതുരശ്ര മൈല്‍) എത്തിയിരിക്കുന്നു.

ബ്രസീലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാര്‍ഷിക പഠനമനുസരിച്ച്, ബ്രസീലിലെ കാലാവസ്ഥാ മലിനീകരണത്തിന്റെ പകുതിയും വനനശീകരണത്തില്‍ നിന്നാണ്. 2021-ല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കിഴക്കന്‍ ആമസോണ്‍ ഭൂമിയുടെ ഒരു കാര്‍ബണ്‍ സിങ്ക് അല്ലെങ്കില്‍ അബ്‌സോര്‍ബര്‍ ആകുന്നത് അവസാനിച്ച് കാര്‍ബണ്‍ സ്രോതസ്സായി മാറിയിരിക്കുകയാണ്.

ആമസോണിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങളെ നാല് പ്രധാന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി വിഭജിക്കുന്നു: പൊതുഭൂമി മോഷണം; അനധികൃത മരംമുറി; അനധികൃത ഖനനം; കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വനനശീകരണം എന്നിവയാണത്. കനത്ത പോലീസ് സാന്നിധ്യമുണ്ടായിട്ടും, ആയിരക്കണക്കിന് അനധികൃത സ്വര്‍ണ്ണ ഖനിത്തൊഴിലാളികളാണുള്ളത്.

 

Latest News