അമേരിക്കയില്‍ നടന്ന ക്യാപിറ്റോൾ കലാപത്തിനു പിന്നിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് അന്വേഷണ സമിതി. യുഎസ് പാർലമെന്റ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിലാണ് മുന്‍ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. കലാപത്തിന്റെ ഗൂഢാലോചനയിൽ ട്രംപിന് വ്യക്തമായ പങ്കുണ്ടെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്ത് വലിയ ആക്രമണപരമ്പരകളാണ് ഉണ്ടായത്. ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ക്യാപിറ്റോളിലേക്ക് ഇടിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ അഞ്ചു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ആക്രമണങ്ങളെ തുടര്‍ന്ന് യുഎസ് പാര്‍ലമെന്റ് കോണ്‍ഗ്രസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്യാപിറ്റോൾ ആക്രമിക്കുന്നതിൽ നിന്നും അനുയായികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ക്യാപിറ്റോൾ കലാപം അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ജനപ്രതിനിധികളുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായി സമിതി വിലയിരുത്തി.
അതേസമയം, വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യപിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപിറ്റോൾ കലാപത്തില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ട്രംപിന് വെല്ലുവിളിയാണ്.