ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വർദ്ധിച്ച തോതിലുള്ള അക്രമം, വിവേചനം, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) ‘പീഡിപ്പിക്കപ്പെടുകയും മറന്നുപോകുകയും ചെയ്തോ?’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
2022 വേനൽക്കാലം മുതൽ 2024 വേനൽക്കാലം വരെ 18 രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള ആഗോളവും പ്രാദേശികവുമായ വിശകലനമാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, ഇന്ത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലും ക്രിസ്ത്യൻ പീഡനവും അടിച്ചമർത്തലും വർദ്ധിച്ചു. റിപ്പോർട്ടിന്റെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, നിക്കരാഗ്വ സർക്കാർ ക്രിസ്ത്യാനികളോടുള്ള കടുത്ത അടിച്ചമർത്തലിന്റെ പേരിൽ ഇതിൽ ഉൾപ്പെടുത്തപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെത്തുടർന്ന് ക്രിസ്ത്യൻ സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കൽ, ക്രിസ്ത്യൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിർബന്ധിത വിവാഹവും മതപരിവർത്തനവും, പുരോഹിതരെ തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും, സ്കൂൾ പാഠപുസ്തകങ്ങളിൽ ക്രിസ്തുമതത്തെക്കുറിച്ചുള്ള അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ എന്നിവ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ പ്രധാനപ്പെട്ടതാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഇസ്ലാമിക തീവ്രവാദികളിൽ നിന്നുള്ള ആക്രണം കൂടുതലായി ക്രൈസ്തവർക്കു നേരിടേണ്ടി വരുന്നതായി റിപ്പോർട്ട് കണ്ടെത്തി. ചൈന, എറിത്രിയ, ഇന്ത്യ, ഇറാൻ എന്നിവയുൾപ്പെടെയുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മതപരമായ ദേശീയതയുടെയോ കമ്മ്യൂണിസത്തിന്റെയോ പേരിൽ ക്രിസ്ത്യാനികളെ അടിച്ചമർത്തുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളെ അതിജീവിച്ചവരിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളും ഓരോ രാജ്യത്തെയും എ. സി. എൻ. ന്റെ കോൺടാക്റ്റുകളിൽ നിന്ന്, ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.