ഒക്ടോബര്‍ 7-ന് അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായേലികളെ കൊലപ്പെടുത്തിയപ്പോള്‍ ഹമാസ് ഭീകരര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജെറുസലെം പോസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകരര്‍ സൈക്കോ ആക്റ്റീവ് മരുന്നായ സിന്തറ്റിക് ആംഫെറ്റാമിന്‍ ഗണത്തിലുള്ള ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലായിരുന്നുവെന്നാണ് ജെറുസലെം പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പോക്കറ്റില്‍ നിന്നും ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം നടത്തിയപ്പോള്‍ ഇവര്‍ മയക്കുമരുന്നു കഴിച്ചിരുന്നതായി സ്ഥിരീകരിച്ചത്. പാവങ്ങളുടെ കൊക്കെയ്ന്‍ എന്നറിയപ്പെടുന്ന ഈ മയക്കമരുന്ന് ഹമാസ് തീവ്രവാദികളെ ശാന്തതയോടെയും നിര്‍വ്വികാരതയോടെയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തുന്നത്. ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തില്‍ 1,400-ലധികം ഇസ്രായേലികളാണ് പൈശാചികമായ രീതിയില്‍ കൊല്ലപ്പെട്ടത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഭയം ഇല്ലാതാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇത് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2015 ല്‍ ക്യാപ്റ്റഗണ്‍ കുപ്രസിദ്ധി നേടിയിരുന്നു. കാലക്രമേണ, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞപ്പോള്‍, സിറിയയും ലെബനനും നിയന്ത്രണം ഏറ്റെടുക്കുകയും വന്‍തോതില്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഗാസയിലെ യുവാക്കള്‍ക്കിടയില്‍ ക്യാപ്റ്റഗണ്‍ വലിയ വിപണിയുണ്ടാക്കിയെന്നും ദി ജെറുസലേം പോസ്റ്റ് പറയുന്നു.
ക്യാപ്റ്റഗണ്‍
ആംഫെറ്റാമൈന്‍ കുടുംബത്തില്‍ പെട്ടതാണ് ക്യാപ്റ്റഗണ്‍. ശ്രദ്ധാ വൈകല്യങ്ങള്‍, നാര്‍കോലെപ്സി, വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ആദ്യം ഇത് വികസിപ്പിച്ചെടുത്തത്. ഉറക്കത്തിന്റെ ആവശ്യകത കുറയ്ക്കുക, വിശപ്പ് അടിച്ചമര്‍ത്തുക, ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നിവയാണ് ക്യാപ്റ്റഗണിന്റെ പ്രധാന ഇഫക്റ്റുകള്‍. താങ്ങാനാവുന്ന വിലയും നിര്‍മ്മാണത്തിന്റെ എളുപ്പവും കാരണം മിഡില്‍ ഈസ്റ്റില്‍ ഇത് ഒരു ജനപ്രിയ മരുന്നായി തുടരുകയാണ്. ദരിദ്ര രാജ്യങ്ങളില്‍ $1 അല്ലെങ്കില്‍ $2 എന്ന വിലയ്ക്ക് മരുന്ന് വാങ്ങാം. അതേസമയം സമ്പന്ന രാജ്യങ്ങളില്‍ ഒരു ഗുളികയ്ക്ക് $20 വരെ ചിലവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.