Tuesday, November 26, 2024

ബഖ്മുത്തില്‍ ചെറുത്തുനില്‍പ്പ് തുടരും: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി

യുക്രൈന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത്തില്‍ റഷ്യയുടെ കടുത്ത ആക്രമണം തുടരുന്നതിനിടെ നഗരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. ബഖ്മു്ത്തിലെ റഷ്യന്‍ ആക്രമണം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബഖ്മുത്ത് പിടിച്ചടക്കുന്നതിലൂടെ വ്യവസായ മേഖലയായ ഡോൺബാസിന്റെ നിയന്ത്രണമാണ് റഷ്യയുടെ ലക്ഷ്യം.

ബഖ്മുത്തും പരിസരപ്രദേശങ്ങളും നിരന്തരമായ ആക്രമണത്തിന് വിധേയമാണ്. പ്രദേശത്തു നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉന്നത സൈനികമേധാവികൾ തന്നോട് പറഞ്ഞതായി സെലെൻസ്‌കി വെളിപ്പെടുത്തി. ബഖ്മുത്തിലെ യുക്രൈന്‍ സേനയെ സഹായിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കമാൻഡർ ഇൻ ചീഫിനോട് സെലെൻസ്‌കി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബഖ്മുത്ത് പിടിച്ചടക്കുന്നത് ഒന്നര വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ പ്രധാന നേട്ടം ആവുമെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. എന്നാല്‍ ബഖ്മുത്ത് ആക്രമണത്തിന് നേതൃത്വം നൽകുന്ന റഷ്യയുടെ വാഗ്നർ പാരാമിലിറ്ററിക്ക് പോരാട്ടത്തിന് ആവശ്യമായ ആയുധസഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാഗ്നർ പാരാമിലിറ്ററി പടയുടെ തലവൻ യെവ്ജെനി പ്രിഗോഷും, സൈന്യത്തിന്റെ നേതൃത്വവും തമ്മിൽ തുടരുന്ന ഭിന്നതയ്ക്ക് ഇടയിലാണ് പുതിയ സംഭവവികാസങ്ങൾ. നേരത്തെ ആയുധങ്ങൾ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചെങ്കിലും മന്ത്രാലയം അത് നിഷേധിച്ചിരുന്നു.

വാഗ്നർ പാരാമിലിറ്ററി

റഷ്യന്‍ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന്റെ സുഹൃത്തായ യെവ്ഗിനി പ്രിഗോഷിന്‍ രൂപം നല്‍കിയ സൈന്യമാണ് വാഗ്നർ പാരാമിലിറ്ററി. രാജ്യത്തെ ആയിരക്കണക്കിന് ജയില്‍പുള്ളികളെ റിക്രൂട്ട് ചെയ്ത്, പ്രിഗോഷിന്‍ രൂപികരിച്ചതാണ് ഈ സൈന്യം. ബഖ്മുത്ത് റഷ്യ കീഴടക്കിയാല്‍ അതിന്റെ നേട്ടം പ്രിഗോഷിന്റെ സ്വകാര്യസൈന്യത്തിനായിരിക്കും. ഫെബ്രുവരി 22 -നാണ് റഷ്യന്‍ സൈനികനേതൃത്വം ബഖ്മുത്ത് ആക്രമിക്കുന്നതിന് ആയുധസഹായം നല്‍കാമെന്ന് വാഗ്നർ പാരാമിലിറ്ററിയുമായി കരാര്‍ ഒപ്പിട്ടത്.

Latest News