യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എന്‍ജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ മേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് വ്യാപകമാകുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്താന്‍ യുകെ ആഭ്യന്തര സെക്രട്ടറി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് നടപടി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ 9 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
‘എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്നവര്‍ നമ്മുടെ സാമ്പത്തികരംഗത്തിനു നല്‍കുന്ന സംഭാവനകള്‍ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്’ എംഎസിക്ക് അയച്ച കത്തില്‍ ഇവറ്റ് കൂപ്പര്‍ വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 67,703 വിദഗ്ധ തൊഴില്‍ വീസയാണു യുകെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴില്‍ വീസകളില്‍ ആറിലൊന്നും ടെക്‌നോളജി മേഖലയിലാണ്.