കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ഭൂമിക്കു ചുറ്റും കൃത്രിമ ഉപഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നത്, ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് മുന്നറിയിപ്പ്. നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കഴിയാതെ വരാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ദര്‍ ഉന്നയിക്കുന്ന വാദം.
ഒരോ വര്‍ഷവും നിരവധി കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിവരങ്ങള്‍ ശേഖരിക്കാനായി വിക്ഷേപിക്കുന്നുണ്ട്. ഈ ഉപഗ്രഹങ്ങളുടെ പ്രയോജനങ്ങള്‍ നിരവധിയാണെങ്കിലും അവ മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ചാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. “2030 -ല്‍ നിങ്ങള്‍ എവിടെയങ്കിലും ഇരുട്ട് കണ്ടുവെന്നിരിക്കട്ടെ. അപ്പോള്‍ ആകാശത്തേക്കു നോക്കിയാല്‍ കാണുന്ന കാഴ്ച അതിഭീകരമാവും. ആകാശത്താകമാനം ഒഴുകിനീങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ കാണാം. രാത്രിയില്‍ പോലും ആകാശത്ത് നക്ഷത്രങ്ങളുടെ കാഴ്ച കുറവായിരിക്കും. അത് വലിയൊരു പ്രശ്‌നമാണ്” – വിദഗ്ദര്‍ പറയുന്നു.
നിലവില്‍ രാത്രികാലങ്ങളില്‍ ആകാശത്ത് നക്ഷത്രങ്ങളെന്ന് കരുതുന്നവ പലതും ഇത്തരം കൃത്രിമ ഉപഗ്രഹങ്ങളാണെന്നാണ് വിദഗ്ദാഭിപ്രായം. ആഗോളതലത്തില്‍ നാല് ലക്ഷത്തിലധികം ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുണ്ടെന്നും വരുംവര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.