ഇക്കഴിഞ്ഞ ജനുവരിയില്‍ വിലക്കയറ്റ തോത് മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തിയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാര്‍ക്ക് വന്‍ ആഘാതമാണ് ഉണ്ടാക്കുന്നത്.
വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിലപാട്. ഗ്രാമീണമേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷം. ഗ്രാമങ്ങളില്‍ ഡിസംബറില്‍ 6.05 ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയില്‍ 6.85 ശതമാനമായി. നഗരങ്ങളിലെ വിലക്കയറ്റം ഡിസംബറില്‍ 5.4ശതമാനമായിരുന്നത് ആറ് ശതമാനമായി.
ഡിസംബറില്‍ 4.2 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിയില്‍ 5.94 ശതമാനത്തിലെത്തി. ധാന്യങ്ങളുടെ വില 13.1ല്‍ നിന്ന് 16.1 ശതമാനമായും പാല്‍വില 8.5ല്‍ നിന്ന് 8.8 ആയും സുഗന്ധവ്യഞ്ജനങ്ങളുടെ വില 20.3 ല്‍ നിന്ന് 21.1 ആയും മുട്ടവില 6.9 ല്‍ നിന്ന് 8.8 ആയും മത്സ്യം മാംസം വില 5.1ല്‍ നിന്ന് 6.04 ശതമാനമായും വര്‍ധിച്ചു.
പഴങ്ങള്‍, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും വിലകൂടി. 2022 ജനുവരിയില്‍ 6.04 ശതമാനമായിരുന്നു വിലക്കയറ്റം. തുടര്‍ന്നുള്ള 10 മാസം വിലക്കയറ്റ തോത് ആറ് ശതമാനത്തിനു മുകളിലായിരുന്നു. ഈ ഘട്ടത്തില്‍ ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ കൂട്ടിയിട്ടും പ്രയോജനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനുവരിയിലെ പണപ്പെരുപ്പ തോത്.
വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനം തെലങ്കാനയാണ് 8.6 ശതമാനം. ആന്ധ്ര 8.25, മധ്യപ്രദേശ് 8.13, യുപി 7.45, ഹരിയാന 7.05 ശതമാനം എന്നീ സംസ്ഥാനങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ കുറവാണ് 6.45 ശതമാനം.