Wednesday, January 22, 2025

ജയിലിലേക്ക് മടങ്ങുന്നത് സമത്വത്തിനായുള്ള പോരാട്ടത്തിന് തടസ്സമാകില്ല: നർഗെസ് മുഹമ്മദ്

ജനാധിപത്യത്തിനും സമത്വത്തിനുംവേണ്ടി പോരാടുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഇറാനിയൻ ഭരണകൂടത്തിന്റെ പ്രതികാരത്തെ ഭയപ്പെടുന്നില്ലെന്നും ഇറാനിലെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവുമായ നർഗീസ് മൊഹമ്മദ്. ജയിലിൽനിന്ന് മൂന്നാഴ്ചത്തെ താൽകാലിക മോചനത്തിലൂടെ പുറത്തുവന്ന ഇവർ സി. എൻ. എന്നിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ജയിൽമതിലുകൾക്കും ഈ ശിക്ഷാവിധികൾക്കുംപോലും എന്നെ തടയാൻ കഴിയില്ല” – മുഹമ്മദ് പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുന്നവരെ അയയ്ക്കുന്ന കുപ്രസിദ്ധമായ ടെഹ്റാനിലെ എവിൻ ജയിലിലെ തടവുകാരി ആയാണ് നർഗീസ് മുഹമ്മദ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഭൂരിഭാഗവും ചെലവഴിച്ചത്. ഈ മാസം ആദ്യം, ഇറാനിയൻ അധികാരികൾ അവരുടെ ജയിൽശിക്ഷ 21 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു. നവംബറിൽ അവരുടെ വലതുകാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കംചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയിൽനിന്ന് സുഖം പ്രാപിക്കാനാണ് ഈ താൽകാലിക മോചനം നൽകിയത്.

“ഞാൻ ഇവിനിനു അകത്തോ, പുറത്തോ ആകട്ടെ. എന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. ജനാധിപത്യം കൈവരിക്കുന്നതുവരെ ഞങ്ങൾ ഇത് നിർത്താൻ പോകുന്നില്ല. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങൾക്ക് സമത്വം വേണം. അതിനാൽ, മതിലിന്റെ ഏതുവശത്താണെങ്കിലും ഞാൻ എന്റെ പോരാട്ടം തുടരും” – സി. എൻ. എന്നിന്റെ ക്രിസ്റ്റ്യൻ അമൻപൂറിനു നൽകിയ അഭിമുഖത്തിൽ നർഗീസ് വെളിപ്പെടുത്തി.

ദേശീയസുരക്ഷയ്ക്കു വിരുദ്ധമായി പ്രവർത്തിച്ചതിനും പ്രചാരണം നടത്തിയതിനും ശിക്ഷിക്കപ്പെട്ട നർഗീസ് മുഹമ്മദ് ഉടൻതന്നെ കുപ്രസിദ്ധമായ ജയിലിലേക്ക് തിരികെയെത്തും. അവിടെ അവർ മൊത്തം 31 വർഷം ഒന്നിലധികം ശിക്ഷകൾ അനുഭവിക്കേണ്ടിവരും.

Latest News