തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന സൂചന നല്‍കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമാർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയോ പോർട്ട്ഫോളിയോയിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യാനാണ് ഹൈക്കാമാന്‍ഡിന്‍റെ തീരുമാനം. എന്നാൽ സംസ്ഥാനത്ത് മുഖ്യമന്ത്രിമാർ മാറി മാറി വരുന്ന പ്രവണത ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
രാഡജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കു മണ്ണ് മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം നേടിത്തന്ന പോരാട്ടത്തിന് നേതൃത്വം നൽകുകയും അത് നേരിട്ട് കെസിആറിലേക്ക് എത്തിക്കുകയും ചെയ്തത് രേവന്ത് റെഡ്ഡിയായിരുന്നു. ഇതേ തുടര്‍ന്നാണ് രേവന്ത് റെഡ്ഡിയെ മുഖ്യാമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് വിവരം. അതിനാല്‍ അദ്ദേഹം നാളെയോ മറ്റെന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വൃത്തങ്ങളില്‍നിന്നുള്ള സൂചന.
പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനും മൽകജ്ഗിരിയിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ രേവന്ത് റെഡ്ഡി തെലങ്കാന രാഷ്ട്രീയത്തിൽ ഒരു നിർണായക പങ്ക് വഹിച്ചിരുന്നു. 2017ൽ തെലുങ്കുദേശം പാർട്ടിയിൽ നിന്ന് (ടിഡിപി) കോൺഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചലനാത്മകതയിൽ കാര്യമായ മാറ്റമുണ്ടാക്കി. രണ്ട് തവണ എംഎൽഎയായ രേവന്ത് റെഡ്ഡി ഇപ്പോൾ തെലങ്കാന കോൺഗ്രസിന്റെ പ്രധാന മുഖമാണ്. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും മുഖ്യമന്ത്രി കെസിആറുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനങ്ങളുടെ മനസ്സിൽ പ്രിയങ്കരനാക്കുകയും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിലേക്ക് ഉയർത്തുകയും ചെയ്തു.