Wednesday, May 14, 2025

യുക്രൈൻ സൈന്യം റഷ്യയിൽ ആദ്യമായി ഉത്തര കൊറിയൻ യൂണിറ്റുകളുമായി ഏറ്റുമുട്ടിയെന്നു വെളിപ്പെടുത്തൽ

അയൽരാജ്യവുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ അടുത്തിടെ വിന്യസിച്ച ഉത്തര കൊറിയൻ യൂണിറ്റുകളുമായി യുക്രേനിയൻ സൈന്യം ആദ്യമായി ഇടപഴകിയെന്നു വെളിപ്പെടുത്തി യുക്രൈന്റെ പ്രതിരോധമന്ത്രി. റഷ്യയുടെ കുർസ്ക് അതിർത്തി പ്രദേശത്ത് ഉത്തര കൊറിയൻ സൈനികർക്കുനേരെ യുക്രൈൻ സൈന്യം പീരങ്കികൾ പ്രയോഗിച്ചതായി മറ്റൊരു കീവ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുക്രേനിയൻ സൈന്യവും ഉത്തര കൊറിയയും തമ്മിൽ ഏറ്റുമുട്ടിയ വിവരം സ്ഥിരീകരിക്കുന്ന ആദ്യത്തെ വെളിപ്പെടുത്തലാണ് ഇത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷത്തിൽ പ്യോങ്യാങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തത്തിനു തുടക്കമിട്ട ‘ചെറിയ തോതിലുള്ള’ പോരാട്ടത്തിൽ യുക്രേനിയൻ – ഉത്തര കൊറിയൻ സൈനികർ ഏർപ്പെട്ടിരിക്കുകയാണെന്ന് യുക്രൈന്റെ പ്രതിരോധമന്ത്രി റുസ്തെം ഉമറോവ് ദക്ഷിണ കൊറിയയുടെ പബ്ലിക് ബ്രോഡ്കാസ്റ്റർ കെ. ബി. എസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഉത്തര കൊറിയൻ സൈനികർ റഷ്യൻ സൈനികരുമായി ഇടകലർന്നാണ് യുദ്ധമുന്നണിയിൽ ആയിരിക്കുന്നതെന്നും അവരുടെ യൂണിഫോംകൊണ്ട് അവരെ തിരിച്ചറിയാൻ പ്രയാസമാണെന്നും ഉമറോവ് പറഞ്ഞു. ഏകദേശം 3,000 സൈനികർ അടങ്ങുന്ന അഞ്ച് ഉത്തര കൊറിയൻ യൂണിറ്റുകളെ കുർസ്ക് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നതായാണ് കരുതുന്നതെന്ന് ഉമറോവ് കൂട്ടിച്ചേർത്തു.

കുർസ്ക് മേഖലയിൽ ആദ്യത്തെ ഉത്തര കൊറിയൻ സൈനികർ ഇതിനകം ഷെല്ലാക്രമണം നടത്തിയിട്ടുണ്ട് എന്ന് യുക്രൈന്റെ സുരക്ഷാ കൗൺസിലിന്റെ കൌണ്ടർ-ഡിസ്ഇൻഫർമേഷൻ ബ്രാഞ്ചിന്റെ തലവൻ ആൻഡ്രി കോവലെങ്കോ പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല.

യു. എസ്., ദക്ഷിണ കൊറിയൻ, ഉക്രേനിയൻ ഇന്റലിജൻസ് വിലയിരുത്തലുകൾ അനുസരിച്ച് 12,000 വരെ ഉത്തര കൊറിയൻ സൈനികരെ മോസ്കോയുമായുള്ള കരാർപ്രകാരം പ്യോങ്യാങ് യുദ്ധത്തിലേക്ക് അയയ്ക്കുന്നുണ്ടെന്ന് കരുതുന്നു.

Latest News