Wednesday, April 2, 2025

“ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല”: ഫ്രാൻസിസ് പാപ്പയെ ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തൽ

“തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായക നിമിഷമായിരുന്നു അത്. ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല” – റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽസംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി, പാപ്പയുടെ ചികിത്സയിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്.

“മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ പാപ്പയെ മരിക്കാൻ അനുവദിക്കണമോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്ന് തിരഞ്ഞെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു” – ഇറ്റാലിയൻ പത്രമായ ഇൽ കൊറിയർ ഡെല്ല സെറയ്ക്കു നൽകിയ അഭിമുഖത്തിൽ ഡോ. ആൽഫിയേരി പറഞ്ഞു. ഫെബ്രുവരി 28 ന് പാപ്പ അനുഭവിച്ച ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെ ഡോക്ടർമാർ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഡോ. ആൽഫിയേരി പരാമർശിച്ചത് ഇപ്രകാരമായിരുന്നു.

“പാപ്പയുടെ സമീപത്തുണ്ടായിരുന്നവരുടെ കണ്ണുകൾ നിറഞ്ഞു. പാപ്പയുമായി അടുപ്പമുള്ളവരുടെ കണ്ണുകളിൽ ഞാൻ ആദ്യമായി കണ്ണുനീർ കണ്ടു. ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത്, അവർ അദ്ദേഹത്തെ ഒരു പിതാവിനെപ്പോലെ ശരിക്കും സ്നേഹിക്കുന്നതു കാണാമായിരുന്നു. പാപ്പയുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളായെന്നും അദ്ദേഹം രക്ഷപെടാൻ സാധ്യതയില്ലെന്നും ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു” – ഡോ. ആൽഫിയേരി വിശദീകരിച്ചു. “പാപ്പയ്ക്ക് നടത്തിയിരുന്ന ചികിത്സയിൽ, വൃക്കയ്ക്കും അസ്ഥിമജ്ജയ്ക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഞങ്ങൾ ഉടനടി ഒരു നടപടിയെടുക്കാൻ തീരുമാനിച്ചു. അതിൽ വിജയിക്കില്ലെന്നുപോലും ഞങ്ങൾ കരുതി. ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടുവിൽ ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിച്ചു. എന്നിരുന്നാലും, സുഖം പ്രാപിച്ചതിനുശേഷം പാപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയുടെ മറ്റൊരു വലിയ നിമിഷംകൂടി അഭിമുഖീകരിക്കേണ്ടിവന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ പാപ്പ ഛർദ്ദിച്ചു. ഗ്യാസ്ട്രിക് ജ്യൂസ് പാപ്പയുടെ ശ്വാസകോശത്തിൽ പ്രവേശിച്ചു. “അത് രണ്ടാമത്തെ നിർണ്ണായക നിമിഷമായിരുന്നു. കാരണം, ഇത്തരം സന്ദർഭങ്ങളിൽ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഇതിനകംതന്നെ തകരാറിലായ ശ്വാസകോശത്തിലെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്” – ഡോ. ആൽഫിയേരി പറഞ്ഞു.

ഗൗരവമേറിയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴും പാപ്പയ്ക്ക് പൂർണ്ണമായ ബോധമുണ്ടായിരുന്നു. ആ രാത്രി താൻ അതിജീവിച്ചേക്കില്ലെന്ന് അദ്ദേഹത്തിന് പൂർണ്ണമായ അറിവുണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരിച്ചു. ആദ്യ ദിവസം മുതൽ തന്നെ പാപ്പ, തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകത്തോടു പറയണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പ്രാർഥനയുടെ ശക്തിയും പ്രതിസന്ധികൾക്കുശേഷമുള്ള അദ്ഭുതവും

പാപ്പയുടെ ശാരീരികവും മാനസികവുമായ അവസ്ഥയും അവിശ്വസനീയമായ ശക്തിയെക്കുറിച്ചും ഡോ. ആൽഫിയേരി വെളിപ്പെടുത്തുന്നു. ശാരീരിക ശക്തിക്കു പുറമെ, ലോകമെമ്പാടുമുള്ള വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാർഥനകളും അദ്ദേഹത്തിന്റെ രോഗശാന്തിക്കു കാരണമായതായി ജെമെല്ലി മെഡിക്കൽ കോർഡിനേറ്റർ കൂട്ടിച്ചേർത്തു.

“പ്രാർഥന, രോഗികൾക്കു ശക്തി നൽകും. ഈ സാഹചര്യത്തിൽ എല്ലാവരും പാപ്പയ്ക്കുവേണ്ടി പ്രാർഥിച്ചു. രണ്ടുതവണ വളരെ ഗുരുതരമായ സാഹചര്യം ഉണ്ടായി. എന്നാൽ, ഒരു അദ്‌ഭുതംപോലെ പാപ്പ തിരിച്ചുവന്നു. തീർച്ചയായും പാപ്പ വളരെ സഹകരണമുള്ള ഒരു രോഗിയായിരുന്നു. ഒരിക്കലും പരാതിപ്പെടാതെ എല്ലാ ചികിത്സകളോടും പാപ്പ സഹകരിച്ചു” – ഡോ. ആൽഫിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News