റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ‘വ്‌ലോഗര്‍മാര്‍’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ്‌ക്യൂറി ശുപാര്‍ശ.
സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്‌ലോഗര്‍മാര്‍ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ കഥ മുഴുവന്‍ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക, റിവ്യു ചെയ്യുന്നതിനിടയില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നിങ്ങനെ പത്ത് നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലയാളത്തില്‍ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ റിവ്യു ബോംബിങ് നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. റിവ്യൂ ബോംബിങ്ങിന് തടയിടണമെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ റിവ്യൂ ബോംബിങ് സിനിമയെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് അമിക്കസ്‌ക്യൂറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പത്തോളം നിര്‍ദേശങ്ങളുമായാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമേ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന തീരുമാനത്തിലെത്തുകയുള്ളൂ.
സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടത്താതിരിക്കുക തുടങ്ങിയ പത്തോളം നിര്‍ദേശങ്ങളാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. റിവ്യൂവില്‍ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്‌ലോഗര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.