Monday, November 25, 2024

കാൻസർ ചികിത്സയിൽ അത്ഭുതം സൃഷ്ടിച്ചു ബേസ് എഡിറ്റിംഗ്: പതിമൂന്നുകാരി ഇനി കാൻസർമുക്ത

കാൻസർ ചികിത്സാരംഗത്ത് വിജയകരമായ കുതിപ്പിന് വഴിയൊരുക്കി ബേസ് എഡിറ്റിംഗ് ചികിത്സ. ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ അലിസ എന്ന പതിമ്മൂന്നുകാരിയെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നതോടെയാണ് ഇത്തരം ഒരു ചികിത്സ ലോകത്തിൽ ശ്രദ്ധ നേടുന്നത്. ഗുരുതര രക്താർബുദം ബാധിച്ച അലിസയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായിട്ടാണ് ഡോക്ടർമാർ ബേസ് എഡിറ്റിംഗ് എന്ന ജീൻ തെറാപ്പി നടത്തിയത്.

ലെസ്റ്ററിൽ നിന്നുള്ള 13 വയസുകാരിയായ അലിസയ്ക്ക് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആണ് ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ഉണ്ടെന്ന് കണ്ടെത്തിയത്. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കലുൾപ്പെടെയുള്ള ചികിത്സകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ബേസ് എഡിറ്റിങ് തെറാപ്പി നടത്തുവാൻ തീരുമാനിച്ചത്. ചികിത്സയുടെ ഭാഗമായി അലിസയുടെ ടി-കോശങ്ങളിൽ ബേസ് എഡിറ്റിങ് നടത്തി. അതുകഴിഞ്ഞ് ഒരിക്കൽക്കൂടി മജ്ജ മാറ്റിവെച്ചു. തുടർന്ന് 16 ആഴ്ചത്തെ ആശുപത്രി വാസം. അതിനു ശേഷം ആറുമാസം കഴിഞ്ഞു നടത്തിയ പരിശോധനയിൽ അലിസയിൽ അർബുദത്തിന്റെ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. എങ്കിലും നിരന്തരമായ നിരീക്ഷണത്തിലാണ് ഈ പതിമൂന്നുകാരി.

ആറു വർഷം മുമ്പാണ് ബേസ് എഡിറ്റിങ് കണ്ടുപിടിച്ചത്. നാല് തരം ബേസ് ഉണ്ട് – അഡിനൈൻ (എ), സൈറ്റോസിൻ (സി), ഗ്വാനിൻ (ജി), തൈമിൻ (ടി) എന്നിവയാണ് അവ. നമ്മുടെ ജനിതക കോഡിന്റെ നിർമ്മാണ ഘടകങ്ങളാണ് ഈ ബേസുകൾ. ഈ ബേസുകളുടെ തന്മാത്രാഘടനയിൽ മാറ്റം വരുത്തുകയാണ് ബേസ് എഡിറ്റിങ്ങിലൂടെ ചെയ്യുന്നത്. ജീൻ എഡിറ്റിങ്ങിലെത്തന്നെ സങ്കീർണമായ പ്രക്രിയയാണിത്. ജനിതകഘടനയിൽ മാറ്റംവരുത്തിയ ടി-രക്തകോശങ്ങൾ അർബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും രോഗിയെ കാൻസർ രോഗാവസ്ഥയിൽ നിന്നും സുഖപ്പെടുത്തുകയും ചെയ്യും.

Latest News