മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളില്‍ രഹസ്യവിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഇനി ലക്ഷങ്ങള്‍ ലഭിക്കും. മയക്കുമരുന്ന് കണ്ടെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ സംസ്ഥാനതല റിവാര്‍ഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസര്‍ക്കാര്‍ 2017-ല്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നല്‍കാന്‍ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. ആരും അപേക്ഷ നല്‍കാറുമില്ല. ആഭ്യന്തരമന്ത്രാലയത്തിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്.
പാരിതോഷികം മുപ്പതിനായിരം രൂപമുതല്‍ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കണം. ഇത് പിന്നീട് കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ബ്യൂറോയില്‍നിന്ന് ലഭിക്കും. പാരിതോഷികം അനുവദിക്കാന്‍ രണ്ടുതലത്തില്‍ സംവിധാനമുണ്ടാകും. വിവരങ്ങള്‍ പരിശോധിച്ച ജീവനക്കാര്‍ക്ക് 30,000 രൂപവരെയും വിവരദായകര്‍ക്ക് 60,000 രൂപവരെയും പാരിതോഷികം നല്‍കാന്‍ പോലീസ് ആസ്ഥാനത്തെ ഐ.ജി.യെ ചുമതലപ്പെടുത്തി.
സംസ്ഥാന ആഭ്യന്തരവകുപ്പിലെ ജോയിന്റ് സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എ.ഐ.ജി.മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ സമിതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30,000 രൂപയ്ക്കുമുകളില്‍ ഒരുലക്ഷം വരെയും വിവരദായകര്‍ക്ക് 60,000-നുമുകളില്‍ രണ്ടുലക്ഷം രൂപവരെയുമുള്ള പാരിതോഷികം നല്‍കുന്നത് ഈ സമിതിയായിരിക്കും.