Monday, November 25, 2024

ഭാരത് ഉല്‍പന്നങ്ങളുടെ വില്‍പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എത്തിക്കും

ഭാരത് ഉല്‍പന്നങ്ങളുടെ വില്‍പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എത്തിക്കും. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, സവാള എന്നിവ ഭാരത് ബ്രാന്‍ഡില്‍ വില്‍ക്കും. അമസോണ്‍ ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴിയും വില്‍പന വര്‍ധിപ്പിക്കാനാണ് കേന്ദ്രം നീക്കമിടുന്നത്.

കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളിലാണ് അരി വില്‍ക്കുക. ഭാരത് അരിയ്ക്കൊപ്പം കടലപ്പരിപ്പും നല്‍കുന്നുണ്ട്. 60 രൂപയാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളില്‍ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്.

കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ , കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ വഴിയുമാണ് ഭാരത് അരിയുടെ വിതരണം.

ഭാരത് അരി വില്‍പനയ്ക്ക് എത്തിച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ മുഖേന വിലക്കുറവില്‍ ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതും ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടത് റേഷന്‍ സ്റ്റോറുകള്‍ വഴിയാണ്. അരി വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നും ജി ആര്‍ അനില്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest News