Thursday, April 3, 2025

തെക്കേ അമേരിക്കയുടെ വെള്ളി നദി, റിയോ ഡി ലാ പ്ലാറ്റ

തെക്കേ അമേരിക്കയിലാണ് റിയോ ഡി ലാ പ്ലാറ്റ നദി. പരാഗ്വേയ്ക്കും ബ്രസീലിനും ഇടയില്‍ പരാഗ്വേയും അര്‍ജന്റീനയും തമ്മിലുള്ള സ്വാഭാവിക അതിര്‍ത്തി സൃഷ്ടിക്കുന്ന ലോകത്തിലെ എട്ടാമത്തെ നീളമുള്ള നദിയാണിത്. തെക്കേ അമേരിക്കന്‍ നദികള്‍ക്കിടയില്‍ രണ്ടാം സ്ഥാനവും. ബ്രസീല്‍, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലൂടെ 4,880 കിലോമീറ്റര്‍ സഞ്ചരിച്ച് അറ്റ്ലാന്റിക് മഹാ സമുദ്രത്തിലേക്കാണ് നദിയുടെ ഒഴുക്ക്.

ഇത് ആദ്യം പരാഗ്വേ നദിയുമായി ലയിക്കുകയും തുടര്‍ന്ന് ഉറുഗ്വേ നദിയുമായി താഴേയ്‌ക്കൊഴുകി റിയോ ഡി ലാ പ്ലാറ്റ രൂപപ്പെടുകയും ചെയ്യുന്നു. ഈ നദിക്ക് ധാരാളം പോഷകനദികളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമുണ്ട്. സ്പാനിഷിലുള്ള റിയോ ഡി ലാ പ്ലാറ്റ എന്ന ഈ വാക്കിന്റെ അര്‍ത്ഥം ‘വെള്ളി നദി’യെന്നാണ്. ലോകത്തിലെ ഏറ്റവും വിശാലമായ നദിയും റിയോ ഡി ലാ പ്ലാറ്റയാണ്. മൊത്തം വിസ്തീര്‍ണ്ണം ഏകദേശം 13,500 ചതുരശ്ര മൈല്‍ ആണ്.

റിയോ ഡി ലാ പ്ലാറ്റ നദിയ്ക്ക് 290 കിലോമീറ്റര്‍ മാത്രമേ നീളമുള്ളൂ. എന്നാല്‍ പരാനയും റിയോ ഗ്രാന്‍ഡെയും ഉള്‍പ്പെടുന്ന നദീവ്യവസ്ഥയുടെ ഭാഗമായി, 4,880 കിലോമീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായി ഇത് മാറുന്നു. ‘കടല്‍ പോലെ’ (‘കടല്‍ പോലെ വലുത്’) എന്നര്‍ത്ഥം വരുന്ന ‘പാരാ റെഹെ ഒനവ’ എന്ന പദത്തിന്റെ ചുരുക്കമാണ് പരാന എന്ന പേര്. മാത്രമല്ല, റിയോ ഡി ലാ പ്ലാറ്റ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വീതിയുള്ള നദിയാണ്. ചില സ്ഥലങ്ങളില്‍ ഇത് 220 കിലോമീറ്റര്‍ വീതിയില്‍ എത്തുന്നു. അതിനാല്‍ തന്നെ ജലപാത എന്ന നിലയില്‍ തീരനിവാസികള്‍ക്കും വ്യവസായികള്‍ക്കും റിയോ ഡി ലാ പ്ലാറ്റ ഉപകാരപ്രദമാണ്.

റിയോ ഡി ലാ പ്ലാറ്റ ഒരു നദിയല്ലെന്നും ഉറുഗ്വേ, പരാന നദികള്‍ ഒഴുകുന്ന ഒരു അഴിമുഖമാണെന്നും ചില ഭൗമശാസ്ത്രജ്ഞര്‍ വാദിക്കുന്നു. എന്നാല്‍ അര്‍ജന്റീനയിലും ഉറുഗ്വേയിലും ഇത് ഒരു നദിയായി കണക്കാക്കപ്പെടുന്നു. 1516-ല്‍ സ്പാനിഷ്‌കാരാണ് റിയോ ഡി ലാ പ്ലാറ്റ ആദ്യമായി കണ്ടെത്തിയത്. ജുവാന്‍ ഡയാസ് ഡി സോളിസ് എന്ന നാവിഗേറ്റര്‍, അറ്റ്ലാന്റിക് സമുദ്രത്തിനും പസഫിക് സമുദ്രത്തിനും ഇടയിലൂടെയുള്ള ഒരു പാതയ്ക്കായുള്ള തിരച്ചിലിനിടെയാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ഇന്ന്, അര്‍ജന്റീനയിലെയും ഉറുഗ്വേയിലെയും ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് റിയോ ഡി ലാ പ്ലാറ്റയുടെ തീരം. അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സ്, ഉള്‍പ്പെടെയുള്ള പല വലിയ നഗരങ്ങളും അതിന്റെ തീരത്താണ്. ഉറുഗ്വേയുടെ തലസ്ഥാനവും അതിന്റെ ഏറ്റവും വലിയ നഗരവുമായ മോണ്ടെവീഡിയോയും റിയോ ഡി ലാ പ്ലാറ്റയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

ശുദ്ധജലവും കടല്‍ വെള്ളവും കൂടിക്കലരുന്ന ഒരു അഴിമുഖമായി വര്‍ത്തിക്കുന്ന റിയോ ഡി ലാ പ്ലാറ്റ, ലോഗര്‍ഹെഡ് കടലാമ, പച്ച കടലാമ, ലെതര്‍ബാക്ക് കടലാമ, അപൂര്‍വമായ ലാ പ്ലാറ്റ ഡോള്‍ഫിന്‍, വിവിധയിനം മത്സ്യങ്ങള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ്. ഒയാര്‍വിഡ് ദ്വീപും അര്‍ജന്റീനയിലെ സോളിസ് ദ്വീപുകളും ഉള്‍പ്പെടെ നിരവധി ദ്വീപുകളും ഈ നദിയുടെ ഭാഗമാണ്.

Latest News