ഇറാനിലെ മതമൗലികവാദത്തിനെതിരായ പ്രതിഷേധം വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നു. ഇറാനില്‍ വനിതകള്‍ ആരംഭിച്ച ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭമാണ് ക്യാമ്പസുകള്‍ ഏറ്റെടുക്കുന്നത്. ഇറാനിലെ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഷെരീഫ് യൂണി വേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ബൈക്കുകളില്‍ എത്തിയ സുരക്ഷാ സൈനികര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറകേ പായുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സുരക്ഷാ സൈന്യം വെടിയുതിര്‍ക്കുന്ന വീഡിയോകളും ഉണ്ട്. ഇതുവരെ 133 പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാ വകാശ സംഘടനകള്‍ ആരോപിക്കുന്നത്. ക്യാമ്പസില്‍ നിന്നും 40 വിദ്യാര്‍ത്ഥികളെ സൈന്യം പിടികൂടിയെന്ന കണക്കുകളും പുറത്തുവരികയാണ്.
ആഗോള തലത്തില്‍ ഇസ്ലാമിക മത നിയന്ത്രണങ്ങള്‍ക്കെതിരെ പിന്തുണ വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളും സമരരംഗം കയ്യടക്കുകയാണ്. ക്യാമ്പസിലും ഹിജാബും പര്‍ദ്ദയും തീയിലിട്ട് പ്രതിഷേധം തുടരുകയാണ്. വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി പ്രതിഷേധം അടിച്ചമര്‍ത്താനാണ് സുരക്ഷാ സൈനികര്‍ക്ക് നിര്‍ദ്ദേശം. പ്രമുഖ വനിത പ്രക്ഷോഭകരടക്കം സുരക്ഷാ സൈനികരുടെ വെടിയേറ്റ് വീണിട്ടും സമരരംഗത്ത് നിന്ന് വനിതകള്‍ പിന്മാറുന്നില്ല. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ഏറ്റെടുത്തിരിക്കുന്നത്.
മൂന്നാഴ്ചയായി ഇറാനിലെ മതഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ നടത്തുന്നത്. ആദ്യം വസ്ത്രധാരണത്തിലെ മതപരമായ നിയന്ത്രണ ത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. സ്ത്രീകളെ അടിമകളാക്കുന്നതിന്റെ ആദ്യ ഘട്ടമാണിതെന്നും വനിതാ പ്രക്ഷോഭകര്‍ ആരോപിച്ചു. കൂട്ടമായെത്തി നഗരഹൃദയത്തില്‍ ഹിജാബും പര്‍ദ്ദയും തീയിലിട്ട് ചുട്ടെരിക്കുന്ന ദൃശ്യങ്ങള്‍ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്. വനിതകള്‍ക്കൊപ്പം
യുവാക്കളും രംഗത്തെത്തുന്നതും പ്രക്ഷോഭത്തെ കരുത്തുറ്റതാക്കുകയാണ്.