മണിപ്പൂരിലെ കാങ്പോപിയില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചതിനു പിന്നാലെ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച വൈകിട്ട് കര്‍ഫ്യൂ ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ഇംഫാലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം എത്തിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കാങ്പോപിയിലെ ഹരോഥേൽ ഗ്രാമത്തിൽ യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയുമായിരുന്നു. പിന്നാലെ ഇംഫാലിന്റെ ഹൃദയഭാഗത്തുള്ള ഖൈ്വറന്‍ബന്ദ് ബസാറില്‍ ജനക്കൂട്ടം തടിച്ചുകൂടി. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലിലേക്ക് ജനങ്ങള്‍ മാര്‍ച്ച ചെയ്യുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മൃതദേഹം ഘോഷയാത്രയായി കൊണ്ടുപോകുമെന്ന് ഒരു വിഭാഗം ജനക്കൂട്ടം ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോലീസ് സ്ഥലത്തെത്തി, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന് മൃതദേഹം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയിലേക്ക് മാറ്റി,” ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടക്കുന്നത്