Wednesday, November 27, 2024

പാകിസ്ഥാനില്‍ രൂക്ഷമായ വിലക്കയറ്റം; ഒരു ഡസന്‍ മുട്ടയ്ക്ക് 400 രൂപ, ദാരിദ്ര്യവും അരാജകത്വവും പിടി മുറുക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം. മിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പരാജയപെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ മുട്ടയുടെ വില ഡസനിന് 400 പാകിസ്ഥാന്‍ രൂപയായി (പികെആര്‍) കുതിച്ചുയര്‍ന്നതായി വിപണി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോഴിയിറച്ചി വില്‍ക്കുന്നത് 615 രൂപ നിരക്കിലാണ്. സവാള കിലോയ്ക്ക് 230 മുതല്‍ 250 രൂപ വരെയാണ് വില. വിലസ്ഥിരത ഉറപ്പു വരുത്തുന്നതിനും പൂഴ്ത്തിവെപ്പും ലാഭക്കൊതിയും പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ക്കായി പ്രവിശ്യാ സര്‍ക്കാരുകളുമായി നിരന്തരമായ ഏകോപനം തുടരാന്‍ കഴിഞ്ഞ മാസം സാമ്പത്തിക ഏകോപന സമിതി ദേശീയ വില നിരീക്ഷണ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭയാനകമായ കടഭാരവും കൊണ്ട് പാകിസ്ഥാന്‍ നട്ടം തിരിയുന്ന സമയത്താണ് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ദുരിതത്തിലാക്കി കൊണ്ട് ഉയര്‍ന്ന വിലക്കയറ്റവും വരുന്നത് . 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ അവസാനത്തോടെ പാകിസ്ഥാന്റെ പൊതു കടം 63.399 ട്രില്യണ്‍ ആയി ഉയര്‍ന്നിരുന്നു. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെയും കാവല്‍ സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ രാജ്യത്തിന്റെ കടത്തില്‍ 12.430 ട്രില്യണ്‍ പാകിസ്ഥാന്‍ രൂപ വര്‍ദ്ധിച്ചിരുന്നു. മൊത്തം കടബാധ്യതയില്‍ ആഭ്യന്തര വായ്പ 40.956 ട്രില്യണ്‍ പികെആറും അന്താരാഷ്ട്ര വായ്പകളില്‍ 22.434 ട്രില്യണ്‍ പികെആറും ഉള്‍പ്പെടുന്നു.

ഈയടുത്ത കാലത്ത് പുറത്തുവിട്ട ലോകബാങ്ക് റിപ്പോര്‍ട്ട് പാകിസ്ഥാന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി വരച്ചു കാട്ടിയിരുന്നു. പാകിസ്ഥാന്റെ സാമ്പത്തിക മാതൃക അമ്പേ പരാജയമാണെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് ദാരിദ്രവും
അരാജകത്വവും പാകിസ്ഥാനില്‍ പിടി മുറുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വികസനം വരേണ്യവര്‍ഗത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ രാജ്യം മറ്റ് രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് പാക് വെര്‍ണക്കുലര്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

മുട്ട അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ലാഹോറിലെ നിലവിലെ സാഹചര്യവും പാകിസ്ഥാന്റെ മൊത്തത്തിലുള്ള കടഭാരവും രാജ്യത്തിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ച ഒരു തുറന്ന ചിത്രം വരച്ചു വെക്കുന്നു. വിലക്കയറ്റവും ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദവും ചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ തകര്‍ച്ചയിലേയ്ക്കാണ് രാജ്യത്തെ നയിക്കുന്നത് എന്ന സൂചനയാണ് പുറത്തു വരുന്നത്.

Latest News