Sunday, November 24, 2024

ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അനുമതി

ബ്രിട്ടനില്‍ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍കുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനില്‍ ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

ഇന്ത്യന്‍ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തില്‍ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു.

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിരുന്നു സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതിയാകാം പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. കെയിര്‍ സ്റ്റാര്‍മെര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിക്ക് മുകളില്‍ മുന്നേറ്റം നടത്താന്‍ ഇത് സാധിക്കുമെന്നും സുനക് പ്രതീക്ഷിക്കുന്നു.

അതേ സമയം, അഭിപ്രായസര്‍വേകളില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിലവില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നും സ്റ്റാര്‍മര്‍ പ്രതികരിച്ചു.

 

Latest News